
കൈക്കൂലി വാങ്ങവേ വിജിലൻസിന്‍റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും. കൊച്ചി ചെലവന്നൂരിലെ വീട്ടിൽ നിന്നും 7 ലിറ്റർ വിദേശമദ്യം വിജിലൻസ് പിടിച്ചെടുത്തു. 29 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. അതേ സമയം അറസ്റ്റിലായ ഡിജിഎം അലക്സ് മാത്യുവിനെ ഐഒസി സസ്പെന്‍റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്‌സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്‌സ് മാത്യു അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് ഏജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസിന്റെ പിടിയിലായത്. അലക്സിന്റെ വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപയും കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് വരുന്നവഴി മറ്റൊരാളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
ഇതിനിടെ കൊച്ചി ചെലവന്നൂരിലെ അലക്സിന്‍റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മദ്യ ശേഖരവും നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. 7 ലിറ്റർ വിദേശമദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഒപ്പം 29 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും കണ്ടെത്തി. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും വിജിലൻസ് സംഘം രാത്രി പരിശോധന നടത്തിയിരുന്നു. അലക്‌സിനെതിരെ കൂടുതൽ പരാതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായി വിജിലൻസ് വ്യക്തമാക്കിയിരുന്നു. അതേ സമയം ഐഒസി, ഡിജിഎം അലക്സ് മാത്യുവിനെ സസ്പെന്‍റ് ചെയ്തു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഐഒസി മാനേജ്മെൻറ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here