
കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിയിൽ അഭിമാനംകൊള്ളുന്നവരാണ് നമ്മൾ. എന്നാൽ സമീപകാലത്ത് സാമൂഹ്യജീർണ്ണതയുടെ പുതിയ അടയാളങ്ങൾ മയക്കുമരുന്നിൻ്റെ രൂപത്തിൽ വ്യാപകമായി കാണാനാവുന്നു എന്നത് ആശങ്കാജനകമാണ്.
എംഡിഎംഎ അടക്കമുള്ള രാസലഹരികളുടെ വ്യാപനം ഭീതിജനകമാണ്. കൗമാരമനസ്സുകൾക്കിടയിൽ ലഹരി മാഫിയയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിദ്ധ്യം ഹിംസയിലേക്കും മരണത്തിലേക്കുമുള്ള വഴിയാണ് തുറക്കുന്നത്. മതസൗഹാർദ്ദവും ജനാധിപത്യവും പുലരുന്ന കേരളത്തിലാണ് ഇങ്ങനെയൊരു ജീർണ്ണലോകം രൂപപ്പെടുന്നത്. നവോത്ഥാനമുന്നേറ്റങ്ങളും പുരോഗമനചിന്തകളും, സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം മുന്നോട്ടു വെച്ച കലയും സാഹിത്യവും സംസ്കാരവും സ്നേഹനിർഭരമായി ഉണർന്നു കാവൽനിന്ന കേരളമാണിത്.
കേരളീയ സമൂഹത്തിലേക്ക് മയക്കുമരുന്നിലൂടെ പടർത്താൻ ശ്രമിക്കുന്ന ജീർണ്ണമായ വ്യതിചലനങ്ങളെ പ്രതിരോധിക്കുക എന്നത് സകലമനുഷ്യസ്നേഹികളുടെയും കടമയാണ്.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള രാസലഹരികൾക്കെതിരെ ഉന്നതമായ മനുഷ്യസ്നേഹത്തിൻ്റെ ഭാവനകൾ ഉയർത്തിക്കൊണ്ടുവരേണ്ട കാലമാണിത്. മറ്റെല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം ഒറ്റക്കെട്ടായി മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെതിരെ അണിചേരാൻ നമുക്ക് സാധിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൃത്യമായ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനും വിൽപ്പനക്കാരെ കണ്ടെത്തി നിയമപരമായ ശിക്ഷ ഉറപ്പുവരുത്താനും ഓരോ പൗരനും ഇടപെടണം. ജനകീയമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധം സാധ്യമാകു.
കലാസാഹിത്യ മേഖലയിലെ പ്രവർത്തകരെന്ന നിലയിൽ കാട്ടാക്കട മണ്ഡലത്തിൽ അഡ്വ. ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള മാനവശൃംഖലയോട് ഞങ്ങൾ ഐക്യപ്പെടുന്നു. കലയും സാഹിത്യവും സർഗാത്മകതയും മെച്ചപ്പെട്ട സാമൂഹ്യാവസ്ഥ സൃഷ്ടിക്കാനും സന്തോഷവും സമാധാനവും പകരാനുമുള്ളതാണ്. മയക്കുമരുന്നിനെതിരെ നടത്തുന്ന പോരാട്ടത്തോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ പോരാട്ടത്തിൽ സാംസ്കാരികകേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങളും പങ്കുചേരുന്നു.
പ്രൊഫ. എം.കെ സാനു, ടി പത്മനാഭൻ, സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പി, എം ജയച്ചന്ദ്രൻ, ബ്ലെസി, ചന്ദ്രമതി, ഡോ. സുനിൽ പി ഇളയിടം, ബെന്യാമിൻ, അശോകൻ ചരുവിൽ, കമൽ, കുരീപ്പുഴ ശ്രീകുമാർ, ഡോ. ബിജു, ജോർജ്ജ് ഓണക്കൂർ, മധുപാൽ, പുഷ്പവതി, ഡോ. കെ.പി മോഹനൻ, പ്രേംകുമാർ, ഡോ. ജി.എസ് പ്രദീപ്, സന്തോഷ് കീഴാറ്റൂർ, കുക്കു പരമേശ്വരൻ, പ്രൊഫ. വി.എൻ മുരളി, പ്രൊഫ. വി കാർത്തികേയൻ നായർ, വിധു വിൻസെൻ്റ്, മുരുകൻ കാട്ടാക്കട, ഡോ. പ്രമോദ് പയ്യന്നൂർ, പ്രൊഫ. എ.ജി ഒലീന, ജോബി, ആർ പാർവ്വതിദേവി, സുജ സൂസൻ ജോർജ്ജ്, ഗായത്രി വർഷ, ഒ.എസ് ഉണ്ണികൃഷ്ണൻ, സി അജോയ്, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. പി.എസ് ശ്രീകല, ഡോ. എം.എ സിദ്ദീഖ്, എ.വി അജയകുമാർ, കെ.ആർ അജയൻ, സലിൻ മാങ്കുഴി, എസ്.ആർ ലാൽ, വി.എസ് ബിന്ദു, പി.എൻ സരസമ്മ, പി എസ് മനേക്ഷ്, തങ്കമണി സാമുവൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here