അപകടം ഒഴിവാക്കുന്നതിനായി നല്‍കുന്ന കത്തുകളില്‍ യഥാസമയം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി നല്‍കുന്ന കത്തുകളില്‍ യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യത തടയുന്നതിനുള്ള സത്വരവും ഊര്‍ജിതവുമായ ശ്രമങ്ങളാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തിന് നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിമര്‍ശനം. പേട്ട പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററിക്ക് അയച്ച കത്തുകള്‍ക്ക് എത്രയും വേഗം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തീരുമാനം ലഭിച്ചാലുടന്‍ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Also Read : വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാന്‍ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് 2020 ജനുവരി 20 ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ മരം മുറിക്കുന്നതിനായി നിരവധി കത്തുകള്‍ സോഷ്യല്‍ ഫോറസ്റ്ററി
വകുപ്പിന് നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു.

2023 ജനുവരി 25 നും കത്തയച്ചിരുന്നു. മറുപടി കിട്ടാത്തതാണ് പ്രശ്‌ന പരിഹാരത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.മരം അപകടാവസ്ഥയിലാണെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ സ്‌ക്വയറില്‍ മണിമേഖല സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here