
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ഭൂമി സ്വകാര്യമേഖലയ്ക്ക് മറച്ചു വില്‍ക്കാനുള്ള നീക്കവുമായി രേവന്ത് റെഡ്ഡി സര്‍ക്കാര്‍. ജൈവ വൈവിധ്യമാര്‍ന്ന 400 ഏക്കര്‍ ഭൂമിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയത്. ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് തല്ലിച്ചതച്ച് ജയിലിലടച്ചു. ക്യാമ്പസില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
ALSO READ: ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇവിടെയും!
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ 2300 ഏക്കര്‍ ഭൂമി തെലങ്കാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കം. ക്യാമ്പസിനോട് ചേര്‍ന്ന 400 ഏക്കര്‍ ഭൂമി 50ലധികം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ഇടിച്ചു നിരത്തി. ഐടി പാര്‍ക്ക് സ്ഥാപിക്കാനായി സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്യാന്‍ ജൈവ വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥ തരിശുഭൂമി ആക്കി മാറ്റുകയായിരുന്നു. മാനും മയിലും ഉള്‍പ്പെടുന്ന ഉദ്യാനമാണ് തകര്‍ക്കപ്പെട്ടത്. കാമ്പസില്‍ പൊലീസ് അകമ്പടിയോടെ എത്തിയ ജെസിബികള്‍ ഭൂമി ഇടിച്ചു നിര്‍ത്തിയപ്പോഴാണ് യൂണിവേഴ്‌സിറ്റി അധികൃതരും വിദ്യാര്‍ത്ഥികളും സംഭവം അറിയുന്നത്.
ALSO READ: എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ചൊവ്വാഴ്ച മുതല്‍ ?; പ്രതികരിക്കാതെ അമ്മ
ബുള്‍ഡോസര്‍ രാജിനെതിരെ എസ്എഫ്‌ഐയുടെയും പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടത്തിയെങ്കിലും പൊലീസ് അതിക്രൂരമായി അടിച്ചമര്‍ത്തി. വിദ്യാര്‍ത്ഥിനികളെ അടക്കം മര്‍ദ്ദിക്കുകയും 53 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമരത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി നിഹാദ് സുലൈമാന്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പങ്കജ് കുമാര്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ലെനിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. ക്യാമ്പസിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

