ആ കത്തിന് പിന്നില്‍ താനല്ല; കത്തയച്ചത് ആരാണെന്ന് അറിയാം; ആരോപണ വിധേയനായ എന്‍. ജെ ജോണി കൈരളി ന്യൂസിനോട്

പ്രധാനമന്ത്രിക്കെതിരെ സുരക്ഷാ ഭീഷണി കത്ത് അയച്ചതിന് പിന്നില്‍ താനല്ലെന്ന് ആരോപണ വിധേയനായ എന്‍. ജെ ജോണി. കത്തിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാം. മുന്‍ വൈരാഗ്യത്തിന്റെ പുറത്ത് കടവന്ത്ര സ്വദേശിയായ ആളാണ് കത്തയച്ചത്. സംഭവത്തില്‍ പൊലീസ് തന്റെ മൊഴിയെടുത്തിരുന്നു. കത്തയച്ചത് താനല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടുവെന്നും ജോണി കൈരളി ന്യൂസിനോട് വിശദീകരിച്ചു.

കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കത്ത് ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച കത്ത് കെ. സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഒരാഴ്ച മുന്‍പാണ് കത്ത് ലഭിച്ചതെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറുമുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ ജോസഫ് ജോണിയാണ് കത്തയച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താന്‍ ജോസഫ് ജോണിയല്ലെന്നും തന്റെ പേര് എന്‍. ജെ ജോണിയെന്നാണെന്നുമായിരുന്നു ജോണി വിശദീകരിച്ചത്.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News