
ന്യൂജെൻ നടന്മാരിൽ ഒരാളാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നത്. പിന്നീട് തട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കി. നേരം, ആക്ഷൻ ഹീറോ ബിജു, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു. അഭിനയ രംഗത്ത് മാത്രമല്ല നിർമാണത്തിലും പിന്നീട് സജീവമായി.
നടൻ എന്‍ജിനിയറിങ്ങാണ് പഠിച്ചത്. എന്നാൽ എന്തിനാണ് താൻ എന്‍ജിനിയറിങ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണെന്നും നിവിന്‍ തമാശയായി പറഞ്ഞു. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ ‘ഹാക്‌ജെന്‍ എഐ 2025’ ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം നടൻ സംസാരിക്കുകയായിരുന്നു.
Also read: ‘ആ മോഹന്‍ലാല്‍ ചിത്രത്തില്‍ വളരെ മോശമായാണ് ഞാന്‍ അഭിനയിച്ചത്’: ലാല്‍
നടന്റെ വാക്കുകൾ:
‘സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എന്‍ജിനിയറിങ്ങാണ് പഠിച്ചതെങ്കിലും, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല.
പിന്നീട് ഭാഗ്യംകൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു’, നിവിന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here