
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുതിർന്ന എംപിയുമായ ശശി തരൂർ. ഇതിലുള്ള കടുത്ത അതൃപ്തി തെരഞ്ഞെടുപ്പ് ദിവസം തന്നെ ശശി തരൂർ പ്രകടിപ്പിച്ചു. ക്ഷണിച്ചാൽ പോകുമായിരുന്നുവെന്നും കോൺഗ്രസ് നേതൃത്വവുമായി തനിക്ക് പ്രശ്നങ്ങൾ ഉണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 22 ദിവസം നീണ്ടുനിന്ന പ്രചാരണമാണ് നടന്നത്. ഇതിൽ നാട്ടിൽ ഉണ്ടായിരുന്നിട്ടു പോലും ശശി തരൂർ എംപി പ്രചാരണത്തിന് എത്താത്തത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ദിനം തന്നെ വിഷയത്തിൽ ശശി തരൂർ തൻറെ അതൃപ്തി പരസ്യപ്പെടുത്തി. തന്നെ ആരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാൽ താൻ പോകുമായിരുന്നു.
Also read: നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണൽ ജൂൺ 23 ന്
താൻ ഇല്ലാതെ തന്നെ നിലമ്പൂർ ജയിക്കട്ടെ എന്നും തിരുവനന്തപുരത്തെ ചില നേതാക്കൾ നിലമ്പൂരിൽ നേരിട്ട് എത്തി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിനുള്ള ഫലം കിട്ടട്ടെ എന്നും പറഞ്ഞ തരൂർ നേരിട്ട് ഇതിനെക്കുറിച്ച് പറയാനുള്ള സമയമാകുമ്പോൾ പ്രതികരിക്കാമെന്നും വ്യക്തമാക്കി. ശശി തരൂർ ബിജെപിയിലേക്ക് എന്ന പ്രചരണങ്ങൾക്ക് താൻ എവിടേക്കും പോകുന്നില്ലെന്നും താനൊരു കോൺഗ്രസുകാരൻ ആണെന്നുമായിരുന്നു മറുപടി. കൂടുതൽ സംസാരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നില്ല എന്ന് പറഞ്ഞാണ് തരൂർ അവസാനിപ്പിച്ചത്.
അതേസമയം താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂർ ഉണ്ടായിരുന്നു എന്നുള്ള മറുകാർഡ് ഇറക്കിയായിരുന്നു ഒരു വിഭാഗം കോൺഗ്രസുകാർ തരൂരിന്റെ പ്രതികരണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഇതിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണം തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അത് വലിയ പ്രശ്നങ്ങൾക്കാകും കോൺഗ്രസിൽ തുടക്കമിടുക എന്നതിൽ സംശയമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here