
തിരുവനന്തപുരത്തെ യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടൻ. പ്രാഥമികമായി സുകാന്തിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിനും ഐ ബി തീരുമാനമായിട്ടുണ്ട്. സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വരുന്ന 15ന് വിധി പറയും. യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് മേധാവി അരവിന്ദ് മേനോൻ ഐപിഎസ് ആണ് അന്വേഷണം നടത്തുന്നത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ ബി ജോയിന്റ് ഡയറക്ടർക്ക് ഉടൻ കൈമാറും. പിന്നാലെ സുകാന്ത് സുരേഷിനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കാനാണ് ഐ ബി തീരുമാനം.
സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസും ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത. സമഗ്ര അന്വേഷണത്തിനു ശേഷമാകും തുടർ നടപടികൾ സ്വീകരിക്കും. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്റലിജൻസ് ബ്യൂറോയുടെ ഡൽഹി ആസ്ഥാനത്തേക്ക് കൈമാറും. അതിന് ശേഷം സുകാന്തിനെതിരായ നടപടി സംബന്ധിച്ച ഉത്തരവ് ജോയിന്‍റ് ഡയറക്ടർ പുറത്തിറക്കും.
പോലീസിന് പുറമെ ഐബിയും സുകാന്തിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ആത്മഹത്യ ചെയ്ത യുവ ഉദ്യോഗസ്ഥയുടെയും, സുകാന്തിന്റെയും സഹപ്രവർത്തകരിൽ നിന്ന് ഐ ബി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന സുകാന്തിനു വേണ്ടി ഐ ബിയും അന്വേഷണം തുടരുകയാണ്. 24 കാരിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഐബിയുടെ സൽപേരിന് കളങ്കമുണ്ടാക്കി എന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here