
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഇബ്രാഹിം ഹാജി (75) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുഡിഎഫ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിൻ്റെ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഇബ്രാഹിം ഹാജി, 75 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
വർഷങ്ങളോളം ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്ത് ഇബ്രാഹിം ഹാജി സമ്പാദിച്ച 75 ലക്ഷം രൂപയാണ് സൊസൈറ്റി തട്ടിയെടുത്തത്. ഹൃദ്രോഗവും ആസ്മയും മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, തൻ്റെ വസ്തു വിറ്റുകിട്ടിയ പണം ജീവിതകാലം മുഴുവൻ പലിശ കൊണ്ട് ജീവിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ നിരന്തരമായ നിർബന്ധത്തെത്തുടർന്നാണ് അദ്ദേഹം ഈ തുക നിക്ഷേപിച്ചത്. എന്നാൽ പണമോ പലിശയോ തിരികെ ലഭിക്കാതെ വന്നതോടെ അദ്ദേഹം വഞ്ചിക്കപ്പെടുകയായിരുന്നു.
ഈ സാമ്പത്തിക തട്ടിപ്പിൽ യുഡിഎഫ് നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ്. ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബാവ, പാറക്കൽ അബ്ദുള്ള, പി.കെ ഫിറോസ് തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കളുടെ സാന്നിധ്യവും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൊസൈറ്റിയുമായുള്ള യുഡിഎഫിൻ്റെ അടുത്ത ബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്.
തൻ്റെ പണം തിരികെ ലഭിക്കുന്നതിനായി ജനുവരി 28-ന് ഇബ്രാഹിം ഹാജി അധികൃതർക്ക് പരാതി നൽകിയിരുന്നു. വഞ്ചന നടന്നിട്ടുണ്ടെന്ന് രജിസ്ട്രാർ തന്നെ സമ്മതിക്കുന്ന സാഹചര്യം ഉണ്ടായിട്ടും കോൺഗ്രസ് നേതൃത്വമോ സൊസൈറ്റിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് തൻ്റെ മരണം ഒരു മൊഴിയായി രേഖപ്പെടുത്തി അദ്ദേഹം ആത്മഹത്യ ചെയ്തത്.
നിലവിൽ ഡിസിസി സെക്രട്ടറി സുധീർ കുമാർ ഒളിവിലാണെന്നാണ് സൂചന. സൊസൈറ്റിയിൽ സമാനമായ രീതിയിൽ കൂടുതൽ ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയിൽ യുഡിഎഫ് മറുപടി പറയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

