ഖത്തറിൽ തടവിലുള്ള മലയാളികൾക്കായി കേരളത്തിൽ നടത്തുന്ന ധനസമാഹരണം ഔദ്യോഗിക സംവിധാനങ്ങളുടെ അറിവോടെയല്ലെന്ന് ഐസിബിഎഫ്

ICBF QATAR

ഖത്തറിലെ ജയിലുകളിൽ ചെക്ക് കേസുകളിൽ തടവിലുള്ള മലയാളികളുടെ മോചനം ലക്ഷ്യമിട്ട് കേരളത്തിൽ നടക്കുന്ന ജനകീയ ധനസമാഹരണം ഖത്തറിലെ ഔദ്യോഗിക സംവിധാനങ്ങളുടെ അറിവോടെയല്ലെന്ന് ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്). ഫെബ്രുവരി അവസാനവാരത്തിൽ ലോഞ്ച് ചെയ്ത പ്രത്യേക ഓൺലൈൻ ആപ്പ് വഴി നടക്കുന്ന ധനശേഖരണം സംബന്ധിച്ച അന്വേഷണത്തിന് മറുപടിയായി ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയാണ് ഇക്കാര്യം അറിയിച്ചത്.

തടവുകാരുടെ മോചനത്തിന് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നവർ ഇന്ത്യൻ എംബസിയുമായോ, ഐ.സി.ബി.എഫുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ പ്രവാസി മൂവ്മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ ജനകീയ ഫണ്ട് സമാഹരണത്തിന് നാട്ടിൽ തുടക്കം കുറിച്ചത്.

ALSO READ; ഒരു മില്യൺ ദിര്‍ഹം സഹായം; ദുബായ് കെയേഴ്‌സിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു

എന്നാൽ, ഇത്തരമൊരു ധനശേഖരണത്തിലൂടെ ജയിലിൽ കഴിയുന്നവരുടെ മോചനം സാധ്യമാക്കുക എളുപ്പമല്ലെന്ന് ഐ.സി.ബി.എഫ് അറിയിച്ചു. ധനശേഖരണം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തിയതായും, ഇത്തരത്തിലൊരു ക്രൗഡ് ഫണ്ടിങ്ങിന് സംബന്ധിച്ച് അറിവില്ലെന്ന് അദ്ദേഹം പ്രതികരിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഖത്തർ ഇന്ത്യൻ എംബസിക്കു കീഴിൽ കഴിഞ്ഞ 40 വർഷമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനയാണ് ഐ.സി.ബി.എഫ്. പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും, വിവിധ കേസുകളിൽ കുരുങ്ങി ജയിലിൽ കഴിയുന്നവർക്ക് നിയമ സാഹയവും ഉൾപ്പെടെ എംബസി സഹായത്തോടെ ഐ.സി.ബി.എഫ് ഉറപ്പാക്കുന്നുണ്ട്.

എല്ലാ ആഴ്ചകളിലും തടവുകാരെ സന്ദര്‍ശിക്കാനും, അവർക്കാവശ്യമായ വിവിധ സഹായങ്ങൾ ഉറപ്പാക്കാനും ഐ.സി.ബി.എഫിന് പ്രത്യേക സംവിധാനവുമുണ്ട്. ചെറിയ തുകയുടെ പേരിൽ ചെക്ക് കേസിൽ കുരുങ്ങിയവരെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ മോചിപ്പിക്കാനും ഐ.സി.ബി.എഫിന് കഴിയാറുണ്ട്. എന്നാൽ, ഇതിനിടയിലാണ് ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കളെ സംഘടിപ്പിച്ച് കേരളത്തിൽ ജനകീയ ധനശേഖരണം ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. രക്ഷ എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയാണ് ധനശേഖരണം.

‘എല്ലാ ആഴ്ചയിലുമായി ഖത്തറിലെ ജയിലുകൾ ഐ.സി.ബി.എഫ് സംഘം സന്ദർശിക്കുകയും, ഇന്ത്യൻ തടവുകാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിനിടയിലാണ് ചെക്ക് കേസിൽ പെട്ടവരുടെ മോചനത്തിനായി കേരളത്തിൽ ഫണ്ട് ശേഖരിക്കുന്ന വാർത്ത അറിയുന്നത്. ഇതുസംബന്ധിച്ച് ഐ.സി.ബി.എഫിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എംബസിയോ, ഐ.സി.ബി.എഫോ ഈ ധനശേഖരണത്തിന്റെ ഭാഗമല്ല. നാട്ടില്‍ നിന്നും ഇവർ സമാഹരിക്കുന്ന തുക എങ്ങനെ കൈകാര്യം ചെയ്യും എന്നതിനും നിരവധി സങ്കീർണതകളുണ്ട്.’ -ഷാനവാസ് ബാവ പറഞ്ഞു.

ALSO READ; കുവൈറ്റ് വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസ ഏർപ്പെടുത്തുന്നു

ബന്ധുക്കളിൽ നിന്നും രജിസ്ട്രേഷൻ എന്ന പേരിലും, നിയമ സഹായത്തിനുമായി നേരത്തെ തന്നെ ധനശേഖരങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി ഖത്തറിലെ അഭിഭാഷകനായ അഡ്വ. സക്കരിയ വാവാട് പറഞ്ഞു. നിലവിൽ തടവുകാരുടെ ബന്ധുക്കളെ സംഘടിപ്പിച്ചും, രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയും നടക്കുന്ന ധനശേഖരണം സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു. 250ഓളം ഇന്ത്യക്കാർ ചെക്കുകേസുകളില്‍ മാത്രം ഖത്തറില്‍ തടവിലുണ്ട്. ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ 120ൽ ഏറെ പേരുമുണ്ട്. ദശലക്ഷം രൂപ മുതൽ കോടികൾ വരെ ബാധ്യതയായി കേസുകളിൽ കുടുങ്ങിയവരാണ് ജയിലുകളിലുള്ളവർ ഏറെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News