ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് പണി കിട്ടി ഇന്ത്യയും ഓസ്ട്രേലിയയും

Champions Trophy

ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫെബ്രുവരി 19 നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാനാണ് ടൂർണമെന്റിന്റെ വേദിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം നടക്കുക ദുബായിലാണ്. ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ച ബാക്കി നിൽക്കെ ഇന്ത്യ ഓസ്ട്രേലിയ ടീമുകൾ നേരിട്ടിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. ഇതാണ് ഇപ്പോൾ വാർത്തകളിലും ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫോം ഔട്ട് തുടരുന്ന സീനിയർ താരങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ആയി നിലനിന്നിരുന്ന താരമാണ് പേസർ ജസ്പ്രീത് ബുംറ. ചാമ്പ്യൻസ് ട്രോഫിയിലും ആരാധകർ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരവും ബുംറ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത ബുമ്രയ്ക്ക് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നഷ്ടമായിരിക്കുന്നു എന്നതാണ്. ബിസിസിഐ തന്നെയാണ് ഇപ്പോൾ ഈ നിർണായക തീരുമാനമെടുതിരിക്കുന്നത്.

Also Read: ട്രാക്കിലും ഫീൽഡിലും ആവേശം വിതറിയ ദേശീയ ഗെയിംസ് ഇന്ന് സമാപിക്കും

ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്ന ഫെബ്രുവരി 12നായിരുന്നു ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ പരുക്കേറ്റ താരത്തിന് പൂർണ്ണ ഫിറ്റ്‌നസ് കൈവരിക്കാൻ ബുമ്രയ്ക്ക് കഴിഞ്ഞിട്ടിലായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് ബുമ്രയ്ക്ക് ചാമ്പ്യൻസ് ട്രോഫി നഷ്ടമായിരിക്കുന്നത്. ബുംമ്രയുടെ അഭാവത്തിൽ ഹർഷിത് റാണയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണ ടെസ്റ്റ്, ഏകദിന, ടി20 ഫോർമാറ്റുകളിൽ അരങ്ങേറ്റത്തിൽ മൂന്നു വിക്കറ്റെടുത്ത ആദ്യ ഇന്ത്യൻ താരമാണ്. രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു വീതം ടെസ്റ്റും ഏകദിനവും ഒരു ടി20 മത്സരവും മാത്രമാണ് റാണ ഇതുവരെ കളിച്ചിട്ടുള്ളത്.

Also Read: റൺ ഔട്ടായ ബാവുമക്ക് മുന്നിൽ ചാടി വീണ് പാക് താരങ്ങളുടെ ആഘോഷം; വിവാദങ്ങളിൽ നിറഞ്ഞ് ദക്ഷിണാഫ്രിക്ക-പാക് ത്രിരാഷ്ട്ര പരമ്പര

അതേസമയം ഹർഷിത് റാണയെ ടീമിലെടുത്തതിന് കനത്ത വിമർശനവും ഉയരുകയാണ് ഇപ്പോൾ. പരിശീലകൻ ഗൗതം ഗംഭീറിനെതിരെയാണ് വിമർശനങ്ങൾ ഏറെയും. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ചതാണ് ഹർഷിത്തിന് മുൻഗണന കിട്ടാൻ കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്. ബുംമ്രയുടെ പകരക്കാരനായി ഹർഷിത്തിനെ പോലുള്ള യുവതാരത്തേക്കാൾ മികച്ചത് സീനിയർ പേസർ സിറാജിനെ പോലുള്ള അനുഭവ സമ്പത്തുള്ള താരമാണെന്നും ആരാധകർ വാദിക്കുന്നു.

ബുമ്രയെ കൂടാതെ ആദ്യം പ്രഖ്യാപിച്ച ടീമിൽ നിന്ന് ബാറ്റർ യശസ്വി ജയ്‌സ്‌വാളിനെയും ഒഴിവാക്കിയിരുന്നു. സ്പിന്നർ വരുൺ ചക്രവർത്തിയാണ് ജയ്‌സ്വാളിന്റെ പകരക്കാരൻ ആയി എത്തുന്നത്. ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് വരുൺ ചക്രവർത്തിയ്ക്ക് ടീമിലേക്കുള്ള വഴി തെളിച്ചത്. അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്ത ചക്രവർത്തിക്ക് കട്ടക്കിൽ നടന്ന ഏകദിന ടീമിലേക്ക് വിളി ലഭിച്ചിരുന്നു.

എന്നാൽ ഇതിനേക്കാൾ പരിതാപകരമാണ് ഓസ്ട്രേലിയയുടെ കാര്യം. അവസാനമായി ഓസ്ട്രേലിയൻ ടീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചാംപ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഇതുവരെ പുറത്താകുന്ന അഞ്ചാമത്തെ താരമായി സ്റ്റാർക്ക് മാറി. നേരത്തെ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, മാർകസ് സ്റ്റോയിനിസ് എന്നിവർ ടീമിൽ നിന്ന് പുറത്തായിരുന്നു. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ടീമിൽ ഇല്ലാത്തതിനാൽ സ്റ്റാർക്കിൽ ആയിരുന്നു ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്.

കമ്മിൻസിന്റെ അഭാവത്തിൽ പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റിനുള്ള ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായും ഓസ്‌ട്രേലിയ അറിയിച്ചു. സ്റ്റാർക് പിന്മാറിയത് ടീമിന് വലിയ തിരിച്ചടിയാണെങ്കിലും താരത്തിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ പൂർണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. സെലക്ടർമാർ സ്‌പെൻസർ ജോൺസൺ, ബെൻ ഡ്വാർഷ്യസ്, നഥാൻ എല്ലിസ്, ഷോൺ അബോട്ട് എന്നിവർക്ക് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി ആരോൺ ഹാർഡിയെയും ടീമിൽ ഉൾപ്പെടുത്തി. പിന്മാറിയവർ എല്ലാം പേസർമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. കാത്തിരിക്കാം, ഒപ്പം കണ്ടറിയാം ആര് വീഴുമെന്നും, ആര് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുമെന്നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News