ഇം​ഗ്ലണ്ടിനിത് നാണക്കേട്, ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് 229 റൺസിന്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 400 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ട് 170 റൺസിന് പുറത്തായതോടെ 229 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ഒമ്പതാം വിക്കറ്റിൽ ഒത്തുകൂടിയ ഗസ് അറ്റ്കിൻസണ്‍ (25 പന്തിൽ 35), മാർക്ക് വുഡ് (17 പന്തിൽ 43) എന്നിവരാണ് 100ൽ താഴേ റൺസിന് ഒതുങ്ങേണ്ട ഇം​ഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അമിതഭാരവുമായി കളത്തിലിറങ്ങിയ ഓപ്പണർ ജോണി ബെയർസ്റ്റോ (12 പന്തിൽ 10), ഡേവിഡ് മലാൻ (11 പന്തിൽ ​6) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറി. പിന്നീടെത്തിയ ജോ റൂട്ട് (6 പന്തിൽ 2), ബെൻ സ്‌റ്റോക്‌സ്‌ (8 പന്തിൽ 5), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (7 പന്തിൽ 15), ഹാരി ബ്രൂക്ക് ( 25 പന്തിൽ 17), ആദിൽ റാഷിദ് (14 പന്തിൽ 10) ഡേവിഡ് വില്ലി (12 പന്തിൽ 12) എന്നിവർ കൃത്യമായ ഇടവേളകളിൽ കൂടാരം കയറി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോറ്റ്‌സി മൂന്ന് വിക്കറ്റും മാർകോ ജാൻസനും ലുംഗി എൻഗിഡിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ ഓരോവിക്കറ്റ് വീതം നേടി.

ALSO READ: ഫിലിം ക്രിട്ടിക്സിനെ ബാൻ ചെയ്യണം, ഇവർ കാരണമാണ് സിനിമ ഓടാത്തത്, ഒരുപാട് പേരുടെ ജീവിത മാർഗമാണ്: രഞ്ജിനി

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് അടിച്ചു കൂട്ടിയത്. സെഞ്ചറി നേടിയ ഹെൻറിച്ച് ക്ലാസനും (67 പന്തിൽ 109), അർധ സെഞ്ചറി നേടിയ മാർകോ ജാൻസനും (42 പന്തിൽ പുറത്താകാതെ 75) ആണ് ടീമിന് കൂറ്റൻ റൺസ് സമ്മാനിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽസ്കോർ 394ൽ നിൽക്കേയാണ് ക്ലാസൻ പുറത്തായത്.

ALSO READ: ‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റന്‍ ഡികോക്കിന്റെ (2 പന്തിൽ 4) വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കളി ആരംഭിച്ചത്. എന്നാൽ പിന്നീട് കളത്തിലിറങ്ങിയ റീസ ഹെൻഡ്രിക്സ് (75 പന്തിൽ 85) പ്രതീക്ഷ കാത്തു. വാൻഡർ ഡസൻ (61 പന്തിൽ 60) ക്യാപ്റ്റൻ എയ്ഡൻ മാർക്രം (44 പന്തിൽ 42) എന്നിവരും തിളങ്ങി. ഇം​ഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here