കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ജീവിത സംഘർഷങ്ങളുടെയും കഥ പറയുന്ന ‘ആന്തം ഓഫ് കശ്മീർ’

കശ്മീരിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ജീവിത സംഘർഷങ്ങളുടേയും കഥ പറയുന്ന ഹസ്വ ചലച്ചിത്രമാണ് ആന്തം ഓഫ് കശ്മീർ. കേന്ദ്ര സർക്കാരിന്‍റെ വിലക്കിനെ അതിജീവിച്ചാണ് പ്രത്യേക അനുമതിയോടെ ചിത്രം 15-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശനത്തിനായെത്തിയത്.

മൗനത്തിന്‍റെ അപാര സൗന്ദര്യം നുണഞ്ഞ് നുണഞ്ഞ്, സ്വാന്ത്രത്തിന്‍റെ സൗന്ദര്യം കശ്മീരിന് എന്തിന് എന്ന ചോദ്യം തുപ്പലിൽ അലിയിച്ച് വിഴുങ്ങികളയുന്ന ജനതയിലേക്ക് അതേ മൗനത്തെ കീറിമുറിച്ചെത്തുന്ന മൂർച്ചയുള്ള ആയുധമാണ് ആന്തം ഓഫ് കശ്മീർ. മലയാളിയായ സന്ദീപ് രവീന്ദ്രൻ സംവിധാനം ചെയ്ത ഹസ്വചലച്ചിത്രത്തിന് IDSFFK ‍വേദികളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

കശ്മീരിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ജീവിത സംഘർഷങ്ങളുടേയും കഥ പറയുന്ന ചിത്രത്തിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പ്രത്യേക സായുധനിയമങ്ങൾ നിലനിൽക്കുന്ന ഇന്ത്യ-പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ ചിത്രീകരിച്ച ചിത്രം, കേന്ദ്രസർക്കാർ ഇടപെട്ട് യുട്യൂബിൽനിന്നടക്കം നേരത്തെ നീക്കംചെയ്തിരുന്നു. കശ്മീരിലെ തെരുവുകളിലൂടെയും വീടകങ്ങളിലൂടെയുമുള്ള സത്യസന്ധമായ ഒരു സഞ്ചാരാനുഭവമാണ് ആന്തം ഓഫ് കശ്മീർ.

ALSO READ: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

എന്നാൽ കേവലം 9 മിനിറ്റ് മാത്രം ദൈർഖ്യമുള്ള ചിത്രത്തെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണെന്നും കശ്മീരിലെ ജനങ്ങൾ വലിയ നീതിനിഷേധമാണ് നേരിടുന്നതെന്നും സംവിധായകൻ സന്ദീപ് രവീന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു.

സംഭാഷണങ്ങളില്ലാതെ പശ്ചാത്തലസംഗീതത്തിന്‍റെ അകമ്പടി മാത്രമുപയോഗിച്ചാണ് സംവിധായകൻ ആന്തം ഓഫ് കശ്മീർ ഒരുക്കിയത്.കൊവിഡും പട്ടാളനിയമങ്ങളും സാഹസികമായി അതിജീവിച്ചായിരുന്നു ഷോട്ട് ഫിലിമിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും സംവിധായകൻ പറഞ്ഞു. ചിത്രീകരണത്തിന്റെ അവസാന നാൾ ലൊക്കേഷനു സമീപം ഗ്രനേഡ് പൊട്ടിയ സംഭവം അതിൽ ഒന്നുമാത്രമായിരുന്നു.

വിഖ്യാത സംവിധായകൻ ആനന്ദ് പട്‌വർധനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയും ചേർന്ന് രണ്ടുവർഷം മുൻപ് പുറത്തിറക്കിയ ചിത്രം നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം യുട്യൂബ് ലീഗൽ സപ്പോർട്ട് ടീം ഈ സിനിമ പിൻവലിക്കുകയാണെന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. വിവരസാങ്കേതികവിദ്യാ നിയമം 69-എ ഉപയോഗിച്ചായിരുന്നു ചിത്രത്തിന് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. കേന്ദ്രത്തിൽനിന്നു പ്രത്യേക അനുമതി നേടിയാണ് ആന്തം ഓഫ് കശ്മീർ പ്രദർശനത്തിനായെത്തിച്ചത്. 15 മത് അന്താരാഷ്ട്ര ഹസ്വ ചലചിത്രമേളക്ക് തിരശീലവീ‍ഴുമ്പോൾ കശ്മീരിലെ സാധാരാണക്കാരായ ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ ഉയർത്തിപിടിച്ച കലയുടെ പ്രതിരോധമായി കൊണ്ടാണ് ഫെസ്റ്റിവലിനെത്തിയവരുടെ മനസിൽ ഇടം നേടിയത്.

ALSO READ: ‘പ്രസവ ശേഷമുള്ള വിഷാദത്തിന് ഇനി മരുന്നുണ്ട്’, ചരിത്രം കുറിക്കാൻ അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News