
ഇടുക്കി ജില്ലയിലെ സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജൂലൈ മാസം മുതൽ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിയമലംഘനം നടത്തുന്നതുമായ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനായി ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ജൂൺ മാസത്തിൽ തന്നെ തങ്ങളുടെ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജൂലൈ മുതൽ തുടർനടപടികൾ സ്വീകരിക്കുക.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പുറമെ, പട്ടയ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെയും കർശനമായ നടപടിയുണ്ടാകും. ഓറഞ്ച്, റെഡ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നടക്കുന്ന നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാനും അത്തരം ഇടങ്ങളിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്.
മുൻപ് ജില്ലയിലെ സ്കൈ ഡൈനിംഗ് സംവിധാനത്തിലുണ്ടായ അപകടവും, അടുത്ത കാലത്ത് തിരുവനന്തപുരത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടവുമാണ് ഇത്തരം പരിശോധനകൾ വേഗത്തിലാക്കാൻ ഇടുക്കി ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

