
ഇടുക്കി മൂലമറ്റത്ത് കൊലക്കേസ് പ്രതിയായ സാജൻ സാമുവലിനെ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവത്തിൽ ഏഴുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
മൃതദേഹം പായിൽ പൊതിഞ്ഞുകെട്ടി ഉപേക്ഷിച്ച് മൂലമറ്റത്തു നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. കേസിലെ നാലാം പ്രതിയായ ആതുപ്പള്ളിയിൽ ഷാരോൺ ബേബിയെ പൊലീസ് ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് പൊരിയത്തുപറമ്പിൽ അഖിൽ രാജു, വട്ടമലയിൽ രാഹുൽ വീ ജെ, പുത്തൻപുരക്കൽ അശ്വിൻ കണ്ണൻ, അരീപ്ലാക്കൽ ഷിജു ജോൺസൺ, കാവനാൽപുരയിടത്തിൽ പ്രിൻസ് രാജേഷ്,പുഴങ്കരയിൽ മനോജ് രമണൻ തുടങ്ങിയ പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാംപ്രതി വിഷ്ണു ജയനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
Also Read: ചീമേനിയിൽ വൻ കവർച്ച; വീട്ടുജോലിക്കെത്തിയ നേപ്പാൾ സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം
മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രതികളുടെ മൊഴി പോലീസ് പൂർണ്ണ വിശ്വാസത്തിൽ എടുത്തിട്ടില്ല. സാജനെ കൊലപ്പെടുത്തിയ ശേഷം കയറ്റിക്കൊണ്ടുപോയ ഓട്ടോയുടെ ഡ്രൈവർ സംഭവം നടന്ന അന്ന് തന്നെ ദുരൂഹത പോലീസിനെ അറിയിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സാമുവലും പ്രതികളും തമ്മിൽ മുൻപ് സംഘർഷം ഉണ്ടായിട്ടുണ്ട്. പിടികൂടിയ പ്രതികളെ സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here