നാസി പ്രത്യയശാസ്ത്രത്തിന്റെ മുറിവ് പേറുന്ന അംറം ദ്വീപ്: ‘Amrum’ – Review

amrum

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകൾ. വടക്കൻ ജർമ്മനിയിലെ അംറം എന്ന ദ്വീപ് യുദ്ധത്തിന്റെ മുറിവുകളും വറുതിയും ഒരുപോലെ ഏറ്റുവാങ്ങുകയാണ്. ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന ഒരു കുടുംബത്തിലെ അംഗമാണ് നാനിങ്. പന്ത്രണ്ടുവയസുകാരനായ നാനിങിന്റെ നിഷ്കളങ്കതയെയും ആത്മസമർപ്പണത്തെയും ഒരു നാസി കുടുംബത്തിന്റെ കടുത്ത പ്രത്യയശാസ്ത്ര നിലപാടുകളുമായി കോർത്തിണക്കിയാണ് ‘അംറം’ വികസിക്കുന്നത്.

യുദ്ധം അവസാനിക്കുമ്പോൾ, ജർമൻകാർക്ക് വേണ്ടി നിലകൊണ്ട ഹിറ്റ്ലർ തന്റെ ജനതക്ക് പോലും വെറുക്കപ്പെട്ടവനായി മാറുകയാണ്.

ജർമ്മൻ ജനത ഹിറ്റ്‌ലറെ വെറുത്തു തുടങ്ങുമ്പോഴും നാനിങിന്റെ അമ്മ കടുത്ത നാസി അനുഭാവി ആയി തുടരുന്നു. ഹിറ്റ്‌ലർ ഉയർത്തിയ “ജർമ്മൻകാർ ഒന്നാണ്” എന്ന മുദ്രാവാക്യം അംറം ദ്വീപിലെത്തുന്ന അഭയാർത്ഥികളോടുള്ള വിവേചനത്തിൽ തകർന്നടിയുന്നത് സംവിധായകൻ സൂക്ഷ്മമായി കാട്ടിത്തരുന്നുണ്ട്.

യുദ്ധകാലത്തെ കൊടിയ ദാരിദ്ര്യത്തിനിടയിലും ഗർഭിണിയായ തന്റെ അമ്മയുടെ ഗോതമ്പ് ബ്രഡും ബട്ടറും തേനും കഴിക്കണമെന്ന മോഹം സാധിപ്പിക്കാൻ നാനിങ് നടത്തുന്ന പരിശ്രമങ്ങൾ അതിശയിപ്പിക്കുന്നതാണ്. ദ്വീപിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് അവൻ നടത്തുന്ന ഈ യാത്രകൾ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ലോകത്ത് അവൻ കണ്ടെത്തുന്ന അതിജീവനമാണ്.

ഹിറ്റ്‌ലറുടെ മരണവാർത്ത അറിഞ്ഞ് അങ്കിൾ തിയോ തന്റെ നാസി യൂണിഫോമിൽ സ്വയം വെടിയുതിർത്ത് മരിച്ചുകിടക്കുന്ന കാഴ്ച നാനിങിനെ തകർക്കുന്നു. അങ്കിളിന്റെ അലമാരയിൽ നിന്ന് അവൻ കണ്ടെത്തുന്ന ആ ബട്ടർ പാത്രം, യുദ്ധകാലത്ത് മനുഷ്യർ സ്നേഹമുള്ളവരോട് പോലും എങ്ങനെ നുണ പറയുകയും വസ്തുക്കൾ ഒളിച്ചുവെക്കുകയും ചെയ്തിരുന്നു എന്നതിന്റെ നേർച്ചിത്രമാണ്. അമ്മയ്ക്ക് വേണ്ടി ബട്ടർ അന്വേഷിച്ച് ചെന്ന നാനിങിനോട് അയാളുടെ കയ്യിൽ ബട്ടർ ഇല്ല എന്നാണ് അങ്കിൾ തിയോ പറഞ്ഞിരുന്നത്.

ഭക്ഷണത്തിനുവേണ്ടി നാനിങിന്റെ അമ്മയ്ക്ക് യാചിക്കേണ്ടി വരുന്നു. അവരുടെ ഭർത്താവ് ഒരു ജർമൻ പട്ടാളക്കാരൻ ആയിരുന്നു എന്ന് ഓർക്കണം! ഇത്തരത്തിൽ ജൂതരെ വേട്ടയാടിയ നാസികൾക്ക് കാലം കാത്തുവെച്ചത് ക്രൂരമായ വിധിയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് എല്ലാ ജനതയെയും ഇല്ലായ്മ ചെയ്യാൻ പോന്നതാണെന്നും സിനിമ ഓർമിപ്പിക്കുന്നു.

Also Read- മുറിവുകളിലൂടെ പടർന്നു കയറുന്ന യാഥാർഥ്യം; ‘ഹീദ്ര’ റിവ്യൂ

സമാധാനപൂർണമായ ജീവിതത്തിനായി ജർമൻ ജനതക്ക് അവരുടെ നാട് ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. നാനിങും കുടുംബവും അമേരിക്കയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നു. ഹിറ്റ്ലറുടെ മനുഷ്യത്വരഹിതമായ പ്രത്യയശാസ്ത്രത്തിന് അറുതി വരുന്നു.

ഐഎഫ്എഫ്കെ സമഗ്ര കവറേജ്

പ്രേക്ഷകന് മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിൽ അതിമനോഹരമായാണ് അംറം ദ്വീപിനെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജർമൻ സംവിധായകൻ ഫാത്തിഹ് ആക്ക് സംവിധാനം ചെയ്ത ‘അംറം’ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.

ഐഎഫ്എഫ്കെ പ്രത്യേക പേജ്

ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News