‘അംബ്രോസിയ’ ഒരു പരീക്ഷണ ചിത്രം| ആദിത്യ ബേബി- അഭിമുഖം

Adhithya Baby-Interview

സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയും ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രകാരിയാണ് ആദിത്യ ബേബി. കാസർ​ഗോഡുകാരിയായ ആദിത്യയുടെ ‘അംബ്രോസിയ’ എന്ന ചിത്രമാണ് 30-ാമത് ഐഎഫ്എഫ്കെയിൽ നിറഞ്ഞ സ​ദസിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്. ഐഎഫ്എഫ്കെയുടെ വേദിയിൽ തുടർച്ചയായി മൂന്നാം തവണയും എത്തുന്ന ആദിത്യ, ‘അംബ്രോസിയ’യെ കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും കൈരളി ന്യൂസുമായി സംസാരിക്കുന്നു.

അന്ന് ‘കാമദേവൻ നക്ഷത്രം കണ്ടു’, ഇന്ന് ‘അംബ്രോസിയ

തുടർച്ചയായി മൂന്നാം തവണയാണ് ഐഎഫ്എഫ്കെയിൽ ഞങ്ങളുടെ സിനിമകൾ എത്തുന്നത്. ‘നീലമുടി’, ‘കാമദേവൻ നക്ഷത്രം കണ്ടു’, ‘അംബ്രോസിയ’ എന്നിങ്ങനെ മൂന്ന് സിനിമകളും ഞങ്ങളുടെ ഇൻഡിപെൻഡന്റ് പ്രൊഡക്ഷൻ ഹൗസായ ‘Good Films Make Your Life Better’ ന്റെ ബാനറിലാണ് ചെയ്തിട്ടുള്ളത്. ഒരു സിനിമ ചെയ്യുമ്പോൾ എപ്പോഴും അത് പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് ആഗ്രഹം. ഐഎഫ്എഫ്കെ വഴി സിനിമയെ സ്നേഹിക്കുന്ന വലിയൊരു ഓഡിയൻസിലേക്ക് ഞങ്ങളുടെ സിനിമകൾക്ക് എത്താൻ സാധിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

കാമദേവനിൽ നിന്ന് അംബ്രോസിയയിലേക്കുള്ള യാത്ര

ഞങ്ങളെ സംബന്ധിച്ച് സിനിമകൾ ചെയ്തുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. അവസരങ്ങൾ ഇല്ലെങ്കിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നൊരു ചിന്തയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. നീലമുടിയും കാമദേവനും കുറച്ചുകൂടി റിയലിസ്റ്റിക് സെറ്റപ്പിലുള്ള കഥകളാണ്. എന്നാൽ, അംബ്രോസിയ എക്സ്പിരിമെന്റൽ ആയി, വേറൊരു ജോണറിലാണ് ഒരുക്കിയിട്ടുള്ളത്. അംബ്രോസിയയുടേത് ഫാന്റസി ആൻഡ് സറ്റയർ (Fantasy and Satire) ജോണറാണ്. വിഷ്വലി ആണെങ്കിലും ടെക്നിക്കലി ആണെങ്കിലും ഇതിന്റെ പ്ലോട്ടും കണ്ടന്റും മറ്റു സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. മുൻ ചിത്രങ്ങളുടെ ബഡ്ജറ്റ് നോക്കുകയാണെങ്കിലും അംബ്രോസിയ കുറച്ചുകൂടി വലിയ ക്യാൻവാസിലാണ് ചെയ്തിട്ടുള്ളത്.

കൗതുകമുണർത്തുന്ന ടൈറ്റിൽ

അംബ്രോസിയ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ‘ഫുഡ് ഓഫ് ഗോഡ്സ്’ അല്ലെങ്കിൽ അമരത്വം നൽകുന്ന ഭക്ഷണം എന്നൊക്കെയാണ് ഇതിന്റെ അർത്ഥം. ഗ്രീക്ക് മിത്തോളജിയിലെ ഈ ആശയം ഇന്ത്യൻ മിത്തോളജിയിലെ ‘അമൃതം’ എന്ന കോൺസെപ്റ്റിന് സമാനമാണ്. മറ്റൊരു കൾച്ചറൽ അഡാപ്റ്റേഷൻറെ ഭാഗമായിട്ടാണ് ഞങ്ങൾ ഗ്രീക്ക് മിത്തോളജി ചൂസ് ചെയ്തതും ഈ ടൈറ്റിലിലേക്ക് എത്തിയതും.

സംവിധാനം മാത്രമല്ല അഭിനയത്തിനും റെഡി

എന്നെ സംബന്ധിച്ച് ഞാൻ എല്ലാം ചെയ്യും എന്ന തോട്ടിൽ വർക്ക് ചെയ്യുന്ന ആളാണ്. ഞാൻ ഒരു തിയേറ്റർ സ്റ്റുഡന്റ് ആയിരുന്നു, ഇപ്പോഴും തിയേറ്റർ പഠിപ്പിക്കുന്നു. നാടകം പഠിക്കുന്ന സമയത്ത് ആക്ടിങ്, ഡയറക്ഷൻ, സെറ്റ് വർക്കുകൾ, ലൈറ്റ് ആൻഡ് മ്യൂസിക് തുടങ്ങി കുറെ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. നാടകത്തിന്റെ പശ്ചാത്തലം സിനിമയിലേക്ക് വന്നപ്പോൾ ഒരുപാട് ഹെൽപ്പ് ചെയ്തു. അംബ്രോസിയയിൽ ലീഡ് ക്യാരക്ടർ ചെയ്തും ഞാൻ തന്നെയാണ്. ഈ പഠനം ഉള്ളതുകൊണ്ടാണ് അഭിനയവും സംവിധാനവും എല്ലാം ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞത്. ഇനി അഭിനയത്തിലേക്ക് ഫോക്കസ് ചെയ്യണമെന്നാണ്.

വിലക്കുകൾകൊണ്ട് ആവിഷ്കാരത്തെ പിടിച്ചുകെട്ടുന്ന കാലം

സെൻസർ ബോർഡിന്റെ ഇടപെടലുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. എങ്കിലും, അതിനെയൊക്കെ മറികടക്കാൻ ആർട്ടിലൂടെ നമുക്ക് സാധിക്കും. ഐഎഫ്എഫ്കെയിൽ സിനിമകൾ ക്യാൻസലായിട്ടും വീണ്ടും സംവിധായകർ വരുന്നത് അതിന് ഉദാഹരണമാണ്. ഓഡിയൻസ് തന്നെ ഇതിനെതിരെ പ്രതിഷേധിക്കുകയും സിനിമകൾ ആവശ്യപ്പെടുകയും ചെയ്യുന്നത് ഈ വിലക്കുകൾക്ക് കിട്ടുന്ന വലിയ അടിയാണ്.

ഐഎഫ്എഫ്കെയിലെ സ്ത്രീ പ്രാതിനിധ്യം

ഐഎഫ്എഫ്കെ സ്ത്രീ പ്രാതിനിധ്യം വളരെ ഉയർത്തിക്കാട്ടുന്ന ഒരു വേദി തന്നെയാണ്. കഴിഞ്ഞ വർഷം 52 സ്ത്രീ സംവിധായകർ ഉണ്ടായിരുന്നു, അതിൽ നാല് പേർ മലയാള സിനിമയിൽ നിന്നായിരുന്നു. സിനിമയുമായി മുന്നോട്ട് പോകുമ്പോൾ ജെൻഡർ ഒരു കാരണമായി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ജെൻഡറിനെ മാറ്റിനിർത്തി സിനിമ എന്ത് സംസാരിക്കുന്നു എന്നതിനെ മാത്രം ആശ്രയിക്കുന്ന ഐഎഫ്എഫ്കെ പോലുള്ള ‍വേദി വലിയ അവസരമാണ്.

ഐഎഫ്എഫ്കെ എന്ന വലിയ വാതായനം

ഐഎഫ്എഫ്കെയിൽ ഇനിയും വരണമെന്ന് തന്നെയാണ് ആഗ്രഹം. ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്. പക്ഷേ, മാർക്കറ്റിങ്ങിലേക്ക് വരുമ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ കാരണമോ അറിവില്ലായ്മ കൊണ്ടോ നമുക്ക് ജനങ്ങളിലേക്ക് അത് എത്തിക്കാൻ പറ്റാറില്ല. എന്നാൽ ഞങ്ങളുടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്കെ വഴിയൊരുക്കുന്നു. നല്ല സിനിമകൾ ചെയ്തുകൊണ്ടേയിരിക്കും, അത് ഐഎഫ്എഫ്കെയിൽ എത്തട്ടെ എന്നാണ് ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News