
മുപ്പതാമത് ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ് സിനിമയുടെ സംവിധായകനായ ഉണ്ണികൃഷ്ണൻ ആവള സിനിമയെ പറ്റി കൈരളിന്യൂസിനോട് സംസാരിക്കുന്നു.

അടിയന്തരാവസ്ഥയുടെ അര നൂറ്റാണ്ടും തന്തപ്പേരും
എന്റെ ആദ്യ സിനിമ ‘ഉടലാഴം’ ആയിരുന്നു. അതിനുശേഷം ഞാൻ ആലോചിച്ച രണ്ടുമൂന്ന് കഥകളിൽ ഒന്നായിരുന്നു ഇത്, ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായതുകൊണ്ടാണ് ഇതിലേക്ക് എത്തിയത്. ചോലനായക്കരുടെ ആളുകൾക്കിടയിൽ നിന്ന് തിരക്കഥ ഒരുക്കാനും അഭിനയിക്കാനും അസോസിയേറ്റ് ചെയ്യാനും അസിസ്റ്റ് ചെയ്യാനുമൊക്കെ ആളുകൾ കൂടെ വന്നപ്പോൾ ഈ സിനിമയിലേക്ക് എത്തുകയായിരുന്നു. അടിയന്തരാവസ്ഥയുടെ അര നൂറ്റാണ്ട് തികയുന്ന വർഷമാണ് ഇത്. അതുകൊണ്ട് സ്വാഭാവികമായും നമ്മൾ പറയേണ്ട, ചെയ്യേണ്ട സമയം തന്നെയാണ് ഇത് എന്നാണ് ഞാൻ വിചാരിക്കുന്നത്.
ചോലനായ്ക്കറും സിനിമയും
ചോലനായ്ക്കർ സുഹൃത്തുക്കൾക്ക് ഈ സിനിമ ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ലായിരുന്നു. ഇത് ചെയ്യണമെന്നത് എന്റെ നിർബന്ധമായിരുന്നു. അവരുടെ ഭാഷയിൽ അവർക്ക് സംസാരിക്കാൻ പറ്റുന്നു എന്നത് മാത്രമാണ് അവർക്കുള്ള ഒരു സാധ്യത. ഈ വിഷയം പുറത്തു പറയുന്നതിലോ പുറത്തുള്ള ആളുകൾ സിനിമ കാണുന്നതിലോ അവർക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. എന്നാൽ സിനിമ അവരുടെ ജീവിതമാണ് എന്ന് പറയുകയയും, ഏകദേശം ആറു വർഷത്തോളം ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയും ചെയ്തതിലൂടെ ഹൃദയപരമായ ഒരു അടുപ്പം ഉണ്ടായി. ആ അടുപ്പത്തിന്റെ പേരിലാണ് ഈ സിനിമ സാധ്യമായത്.

ചോലനായക്കൻ എന്ന് പറയുന്നത് ‘കിംഗ് ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപ്പെടുന്ന മനുഷ്യരാണ്. അവരെ സംബന്ധിച്ച് കുട്ടിക്കാലം തൊട്ട് വളരെ സ്വതന്ത്രരും ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അവരെപ്പോലെ ഒരാളെ ഒരു കഥാപാത്രമാക്കി നമ്മൾ പറയുന്നതുപോലെ അഭിനയിപ്പിച്ചെടുക്കുക എന്നത് വലിയ ടാസ്ക് ആണ്. നമ്മുടെ ക്യാമറയ്ക്ക് മുന്നിൽ ‘സ്റ്റാർട്ട് ആക്ഷൻ’ പറഞ്ഞിട്ട് അഭിനയിച്ചോ എന്ന് പറഞ്ഞാൽ അവർ അഭിനയിക്കില്ല. പലപ്പോഴും സ്നേഹം കൊണ്ടും കരുതലുകൊണ്ടും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വൈകാരികമായ അടുപ്പത്തിൽ നിന്നാണ് ഈ കഥാപാത്രത്തിലേക്ക് കടക്കാൻ കഴിഞ്ഞതും അങ്ങനെ ഒരു സിനിമ ഉണ്ടായതും.
സിനിമയുടെ ക്യാപ്റ്റനായ മണിയും, മണിയുടെ സിനിമയും
മണിയായിരുന്നു ഞങ്ങളുടെ ടീം ക്യാപ്റ്റൻ. ശരിക്കും പറഞ്ഞാൽ സിനിമയിലെ നായകനായിട്ട് വരേണ്ടത് മണിയായിരുന്നു. പക്ഷേ, ശബ്ദത്തിൽ കുറച്ചുംകൂടെ ഗാംഭീര്യമുള്ള ഒരാൾ വേണം എന്നുള്ളതുകൊണ്ട് അടുത്ത ആളിലേക്ക് പോവുകയായിരുന്നു, മണി ഈ സിനിമയുടെ മൊത്തം ക്രൂവിന്റെ ക്യാപ്റ്റനായി മാറുക ചെയ്തത്. ഷൂട്ടിന്റെ ഒരു ചെറിയ ബ്രേക്കിനിടയിലാണ് ആനയുടെ ആക്രമണത്തിലാണ് മണി കൊല്ലപ്പെടുന്നത്. . മണിയെപ്പോലെ ഒരാളെ നഷ്ടപ്പെടുക എന്നത് ആ ഗോത്ര സമൂഹത്തിന് മാത്രമല്ല, നമുക്ക് മൊത്തത്തിൽ നഷ്ടമാണ്. മണിയായിരുന്നു അവരുടെ ക്യാപ്റ്റൻ. ഫോറസ്റ്റ് വിഭവങ്ങളൊക്കെ ശേഖരിക്കാൻ പോവുകയൊക്കെ ചെയ്തിരുന്നത് മണിയുടെ നേതൃത്വത്തിലായിരുന്നു. മരിച്ച ഉടനെ അവർ എന്നെ വിളിക്കുകയും ബാക്കി സീനുകൾ പെട്ടെന്ന് ഷൂട്ട് ചെയ്യുകയുമായിരുന്നു ഉണ്ടായത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മണി ഇവരോട് പറയുകയാണ്, “നമുക്ക് ഈ സിനിമ എത്രയും പെട്ടെന്ന് തീർക്കണം. നമ്മളൊക്കെ ഉണ്ട്. നമ്മളൊന്നും മരിച്ചാൽ ഇനി മരിക്കൂല്ല, സിനിമയിൽ ഉണ്ടല്ലോ, നമ്മുടെ മക്കൾക്ക് കാണാല്ലോ” എന്ന്. അത്രയും സ്നേഹമുള്ള, ശ്രദ്ധയും കരുതലുമുള്ള ആളുകളായിരുന്നു അവർ.

അടിയന്തരാവസ്ഥയും ആദിവാസികളും
ഇന്ത്യയിലെയും കേരളത്തിലെയും ഗോത്രവിഭാഗങ്ങൾക്കിടയിൽ എങ്ങനെയാണ് അടിയന്തരാവസ്ഥ ഇടപെട്ടത് എന്ന് 50 വർഷമായിട്ട് നമ്മൾ ആലോചിച്ചിട്ടില്ല. 17 വർഷം മുമ്പ് ഞങ്ങൾ ‘ലാസ്റ്റ് പേജ്’ എന്ന് പറയുന്നൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിൽ ഇതിന് വിധേയനായ ഒരാൾ, തന്നെ കൊണ്ടുപോയി ബക്കറ്റും പാട്ടയും തരാം എന്ന് പറഞ്ഞിട്ട് വന്ധ്യംകരിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് എനിക്കത് മനസ്സിലായത് എന്ന് അദ്ദേഹം പറയുകയാണ്. അവിടെ നിന്ന് ഇങ്ങോട്ടാണ് സിനിമയുടെ കഥ വളരുന്നത്. വയനാട്ടിൽ അന്വേഷിച്ചപ്പോഴും ഇതേ രീതിയിലുള്ള പലതരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അറനാടർ, പണിയർ, കാട്ടുനായ്ക്കർ തുടങ്ങിയ ഒരുപാട് വിഭാഗങ്ങളിൽ വന്ധ്യകരണ പ്രവർത്തനം അടിയന്തരാവസ്ഥക്കാലത്തിൽ നടന്നിട്ടുണ്ട്. ഒരു സിനിമ എന്ന് പറയുമ്പോൾ തന്നെ അതൊരു ദൃശ്യരേഖയാണ്, തെളിവാണ്. അത് പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
ഉടലാഴം മുതൽ തന്തപ്പേര് വരെ
ഉടലാഴം കഴിഞ്ഞ സമയത്ത് എനിക്ക് തന്തപ്പേര് എന്ന് പറയുന്ന സിനിമയാണോ ചെയ്യേണ്ടിരുന്നത്, അല്ല മറ്റു വാണിജ്യപരമായ സിനിമകൾ ചെയ്യണോ എന്നൊക്കെയുള്ള കൺഫ്യൂഷൻ സംവിധായകൻ എന്നുള്ള രീതിയിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഹിറ്റാവും എന്ന് നമ്മൾ ഉദ്ദേശിക്കുന്ന പോലുള്ള മറ്റ് കഥകളെക്കുറിച്ച് ചർച്ചയും പ്രൊഡക്ഷനും ഒക്കെ നടന്ന് അതിന്റെ ആലോചനയിലേക്ക് എത്തി നിൽക്കുന്ന സമയത്താണ് എനിക്ക് ഇതൊന്ന് ഇറക്കി വെക്കണമെന്ന് തോന്നുകയും ഞാൻ ഇതിലേക്ക് തിരിച്ചു വരുകയും ചെയ്യുന്നത്. ഈ കഥ ഞാൻ പറയേണ്ട സിനിമ എന്നാണ് ഞാൻ വിചാരിക്കുന്നത്. അതുകൊണ്ട് ഞാൻ അത് ചെയ്തു.
മോക്കയുടെ ക്യാമറ
ഉടലാഴത്തിന്റെ ചായാഗ്രാഹകനായ മുഹമ്മദ് (മോക്ക) തന്നെയാണ് തന്തപ്പേരിലും ചായാഗ്രഹണം നിർവഹിക്കുന്നത്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു കെമിസ്ട്രി ഉണ്ട്. ഒരു ടെക്നീഷ്യൻ എന്നതിനപ്പുറത്തേക്ക് എന്റെ താളം അദ്ദേഹത്തിന് അറിയാം, അദ്ദേഹത്തിന്റെ താളം എനിക്കറിയാം.
ചോലനായക്ക സുഹൃത്തുക്കൾക്ക് ആളുകളെ കൂടുന്നത് താല്പര്യമില്ലാത്തതുകൊണ്ട് ക്രൂവിൽ പലപ്പോഴും നാലും അഞ്ചും പേര് മാത്രം വർക്ക് ചെയ്തിട്ടുണ്ട്. ഞാനും മുഹമ്മദും ആർട്ട് ഡയറക്ടർ അമ്പലച്ചിയും മാത്രമുള്ള ഷൂട്ട് ഒക്കെ നടത്തേണ്ടി വന്നിട്ടുണ്ട്. ഞാൻ മനസ്സിൽ കാണുന്ന വിഷ്വലിനെ അദ്ദേഹം കൃത്യമായി പകർത്തി തരും. ഈഗോ ഇല്ലാതെ പരസ്പര സ്നേഹത്തിലും താളത്തിലും കൂടെ നിൽക്കുന്ന ഒരാൾ എന്നുള്ള രീതിയിലാണ് മോക്ക ഈ സിനിമയിൽ വർക്ക് ചെയ്തത്.
ബ്ലഷ് പ്രൊഡക്ഷൻസ്
ബ്ലഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാനു ബ്ലഷ് ആണ് പടം നിർമ്മിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ജാനകീശ്വരും റതു വൈശാഖം കൂടെയാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് ജിനു ശോഭയും ഡിഐ ലിജു പ്രഭാകറുമാണ്. കഴിഞ്ഞ അഞ്ചാറു വർഷമായിട്ട് ഈ സിനിമ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞത് ഈ വലിയ ക്രൂവിന്റെ സഹായത്തോടു കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

