‘സോങ്സ് ഓഫ് ഫോർ​ഗോട്ടൺ ട്രീസ്’: രണ്ട് പെണ്ണുങ്ങളുടെ ലോകം

Songs of Forgotten Trees Review

ദൃശ്യ ദാമോദരൻ

‘സോങ്സ് ഓഫ് ഫോർ​ഗോട്ടൺ ട്രീസ്’, വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം അനുപർണ റോയ്ക്ക് നേടിക്കൊടുത്ത സിനിമ. ആഴത്തിലുള്ള വികാരങ്ങളെ അനായാസേന തിരശീലയിലേക്ക് പകർത്തുന്ന ആഖ്യാനവും വേറിട്ട കഥപറച്ചിലും ഐഎഫ്എഫ്കെയിലും സോങ്സ് ഓഫ് ഫോർ​ഗോട്ടൺ ട്രീസിന് കൈയടി നേടിക്കൊടുക്കുന്നു. അൺഫോർ​ഗോട്ടബിളായ സിനിമാനുഭവം സമ്മാനിക്കുന്നു.

രണ്ട് സ്ത്രീകളുടെ കഥയാണിത്. മുംബൈ നഗരത്തിന്റെ തിരക്കിലും വേഗത്തിലും ജീവിക്കുന്ന തൂയയും ശ്വേതയും. തൂയയുടെ മുറിയിലേക്ക് എത്തുകയാണ് ശ്വേത. തുടക്കത്തിൽ സംസാരം കുറവാണ്. നോട്ടങ്ങൾ കൈമാറുന്നതുപോലും വിരളം. വളരെ വ്യത്യസ്തമായ ജീവിതവും വ്യക്തിത്വങ്ങളുമാണ് ശ്വേതയും തൂയയും. എന്നാൽ ഒരേ വാടകവീടിന്റെ ഒരു വാതിൽപ്പാളിയുടെ അകലത്തെ പതിയെ ഭേദിച്ച് അനായാസമായി സഹാനുഭൂതിയും ആത്മബന്ധവും രൂപപ്പെടുത്തിയെടുക്കാൻ ആ സ്ത്രീകൾക്കാകുന്നു. തിരക്കേറിയ ന​ഗരജീവിതത്തിന്റെ ഒട്ടപ്പെടലുകളെ പൊളിക്കാൻ പരസ്പരം ഉപാധികൾ തേടുകയാണവർ.

ശാന്തവും പലപ്പോഴും നിശ്ചലവുമാണ് പശ്ചാത്തലം. ബഹളങ്ങളില്ലാതെ നിശബ്ദതയുടെ വേലിയേറ്റം കാണികളിൽ ഉണ്ടാക്കുന്നു. പെൺ അനുഭവങ്ങളെ ആഴത്തിൽ തൊടുന്നതാണ് സംഭാഷണങ്ങൾ.

സിനിമയുടെ ഭൂരിഭാഗം ദൃശ്യങ്ങളും ആ വാടകഫ്ലാറ്റിന്റെ ഉള്ളിലാണ്. പരമ്പരാഗത പ്രണയത്തിന്റെ കാഴ്ചകൾ സിനിമയിലെവിടെയുമില്ല. പുരുഷന്മാരിൽ നിന്ന് വികാരപരമായി അകന്നുനിൽക്കുന്നവരാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ. ജീവിതം കൊണ്ടു മുറിവേറ്റവരാണ് തൂയയും ശ്വേതയും. പതിയെ അവരുടെ ജീവിതം കെട്ടുപിണയുന്നു. നഗരത്തിലെ കുഴപ്പങ്ങൾക്കിടയിലും അവർ പരസ്പരം കഥകളും ആശങ്കകളും പങ്കിടുന്നു.

നടിയാകാൻ ആ​ഗ്രഹിക്കുന്ന തൂയ സിനിമയിൽ ലൈം​ഗിക തൊഴിലാളി കൂടിയാണ്. രഹസ്യമായി ആളുകൾ അവളുടെ മുറിയിലേക്ക് വരുന്നു. ഫ്ലാറ്റ് ഉടമയുമുണ്ട് അക്കൂട്ടത്തിൽ. അവരുടെ ഫാന്റസിക്കനുസരിച്ച് ഒരുങ്ങാൻ അവൾക്ക് മടിയില്ല, എന്നാലവരോട് പ്രത്യേകമായ അനുകമ്പയുമില്ല. ഇനി വരേണ്ടെന്ന് ഫ്ലാറ്റുമയോട് പറയുമ്പോൾ നെഞ്ചിടിപ്പോട് ഓടിയെത്തുന്ന അയാളുടെ ഭാര്യയും നമ്മോട് പറയുന്നുണ്ട് മറ്റൊരു കഥ.

ALSO READ: ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറ

പ്ലോട്ട് ട്വിസ്റ്റുകളെയോ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോ ഒന്നും ആദ്യാവസാനം വരെയില്ല. സ്വന്തം സ്വത്വത്തെക്കൂടി കണ്ടെത്തുന്ന സ്ത്രീകളുടെ കഥയാണിത്. മെല്ലെപ്പോക്കും പതിയെ നീങ്ങുന്ന കഥാപരിസരവും ചിലർക്കെങ്കിലും കല്ലുകടിയായി തോന്നിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News