അതേ, നിങ്ങൾക്ക് ഈ സിനിമ അവഗണിക്കാനാവില്ല; ‘ബാഡ് ​ഗേൾ’ പൊളിക്കുന്ന ടാബൂകൾ

BAD GIRL REVIEW

ദൃശ്യ ദാമോദരൻ

‘നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം, പക്ഷേ ഒരിക്കലും അവഗണിക്കാൻ കഴിയില്ല’- ‘ബാഡ് ​ഗേൾ’ എന്ന സിനിമയെക്കുറിച്ച് അതിന്റെ നിർമാതാക്കളിൽ ഒരാൾകൂടിയായ സംവിധായകൻ വെട്രിമാരൻ പറഞ്ഞത് ഇങ്ങനെയാണ്. വർഷ ഭരത് തിരക്കഥയും സംവിധാനവും നിർവഹിച്ച തമിഴ് സിനിമ. അഞ്ജലി ശിവരാമനാണ് കേന്ദ്രകഥാപാത്രം, ‘ബാഡ് ​ഗേൾ രമ്യ’ അഞ്ജലിയുടെ കൈയിൽ ഭദ്രമായിരുന്നു.

സ്ത്രീകളെ നന്നാക്കാൻ ശ്രമിക്കുന്ന, പാട്രിയാർക്കൽ ചട്ടക്കൂടിലേക്ക് അവരെ കൃത്യമായി ചേർത്തുനിർത്താൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള മറുപടിയാണ് ‘ബാഡ് ​ഗേൾ’. പെണ്ണുങ്ങൾക്ക് അപരിചിതയായിരിക്കില്ല രമ്യ. ‘കുടുംബത്തിൽ പിറന്ന പെണ്ണ്’, ‘അടക്കവും ഒതുക്കവുമുള്ള പെണ്ണ്’ പോലുള്ള ടാബൂകളെ ചെവിക്ക് പിടിച്ച് വെളിയിൽ കളയുന്നുണ്ട് ‘ബാഡ് ​​ഗേൾ’.

ALSO READ: ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറ

സമൂഹത്തിൻ്റെ പരമ്പരാഗത ശീലങ്ങളുമായി രമ്യ നിരന്തരം കലഹിക്കുന്നു. പ്ലസ് ടു കാലം തൊട്ട് അവളുടെ മുപ്പതുകൾ വരെയുള്ള ജീവിതമാണ് ‘ബാഡ് ​ഗേൾ’ വരച്ചിടുന്നത്. അവളുടെ റിലേഷൻഷിപ്പുകളിലൂടെ ചിത്രം മുന്നോട്ടുപോകുന്നു. കുടുംബബന്ധവും പ്രണയബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം രമ്യയെ രൂപപ്പെടുത്തിയെടുക്കുന്നു, ഒടുക്കം അവൾ സ്വയം കണ്ടെത്തുന്നു.

സ്കൂൾ കാലത്തിന് ശേഷം അവൾ ആദ്യം ചെയ്യുന്നത് വീട്ടിൽനിന്ന് പുറത്തുകടക്കുകയാണ്. ആദ്യത്തെ സ്വാതന്ത്ര്യപ്രഖ്യാപനം. പിന്നീടങ്ങോട്ട് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനും സ്വന്തം ആ​ഗ്രഹങ്ങളെയും ലൈം​ഗികതയിലും തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനും ശരീരം കൊണ്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനും അവൾക്കാകുന്നുണ്ട്. പെൺകുട്ടികളുടെ തലയിൽ ബാഡ് ​ഗേൾ പട്ടം ചാർത്താൻ എളുപ്പമാണ്.

ആരാണ് മോശം പെൺകുട്ടി? എങ്ങനെ ജീവിച്ചാലാണ് നല്ല പെൺകുട്ടിയാവുക? രമ്യയ്ക്ക് ഇതൊന്നും ഒരു വിഷയമേയല്ല, സിനിമയ്ക്കും. ഏറ്റവും നോർമലായാണ് ഇത്തരം ടാബൂകളെ ചിത്രം തച്ചുടയ്ക്കുന്നത്.

ആരെയും ശരിയെന്നോ തെറ്റെന്നോ ഉള്ള കളങ്ങളിലേക്ക് ചിത്രം പിടിച്ചുനിർത്തുന്നുമില്ല. ഇടയ്ക്കെപ്പോഴോ ‘ഞാൻ എന്താ ഇങ്ങനെ ആയത്? എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?’ എന്ന് രമ്യ ചോദിക്കുന്നുണ്ട്. സോ കോൾഡ് സാമൂഹ്യചിന്താ​ഗതിയിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് സ്വാഭാവികമായി ഉണ്ടാവുന്ന കൺഫ്യൂഷൺ.

സിനിമയിൽ പ്രണയബന്ധങ്ങളിലെ ലൈം​ഗികതയും സ്വാഭാവികമായ ഒന്നുമാത്രം. വെർജിനിറ്റിയുടെ അഗ്നിപരീക്ഷണങ്ങൾക്ക് എങ്ങും ചിത്രം ഇടംനൽകുന്നില്ല. ഓരോ പ്രണയം തകരുമ്പോളും രമ്യയും തകരുന്നു, പിന്നീട് പൂർവാധികം ശക്തിയോടെ അവൾ തിരിച്ചുവരവ് നടത്തുന്നു.

Also Read: പ്രണയത്തിലെ സംഘർഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥയും: ഖിഡ്കി ഗാവ്/If On A Winter’s Night – റിവ്യൂ

കൗമാരത്തിലെ അമ്മ-മകൾ കോൺഫ്ലിക്റ്റും സിനിമയിലുണ്ട്. അമ്മയും വീടും കൽപ്പിക്കുന്ന പരിധികൾക്കപ്പുറത്തേക്കാണ് അവളുടെ നോട്ടങ്ങൾ. ടീനേജ് പെൺകുട്ടികൾക്ക് ഇതെല്ലാം കണക്റ്റാവും. കൗമാരത്തിലെ അമ്മയോടുള്ള ഡിറ്റാച്ചമെന്റ് മുപ്പതുകളിൽ അറ്റാച്ച്മെന്റായി രൂപാന്തരപ്പെടുന്നുണ്ട്.

രമ്യയെ പെർഫെക്റ്റായല്ല വർഷ ഭരത് നിർമിച്ചിരിക്കുന്നത്. അവളുടെ എല്ലാക്കുറവുകളും ആശയക്കുഴപ്പങ്ങളും സിനിമ കാണിക്കുന്നുണ്ട്. അതുതന്നെയാണ് സിനിമയെ ആകർഷണീയമാക്കുന്നതും. ‘ബാഡ് ​ഗേൾ’ മികച്ച സിനിമാനുഭവമാണ്, അതിനാടകീയതോ ബഹളങ്ങളോ ഇല്ല. മേക്കിങ്ങിലെ കൈയടക്കവും എടുത്തുപറയേണ്ടതുതന്നെ. കാണാത്തവൽ വിഷ് ലിസ്റ്റിൺ ഉറപ്പായും ഉൾപ്പെടുത്തേണ്ട സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News