
ദൃശ്യ ദാമോദരൻ
കാഴ്ചക്കാരെയെല്ലാം പശ്ചാത്തലസംഗീതത്തിന്റെ താളത്തിനൊപ്പം ആഹ്ലാദിപ്പിച്ച സിനിമ, ‘ഡിജെ അഹ്മെത്’. തിരശീലയിൽ നിന്ന് കാഴ്ചകൾ അകന്നപ്പോഴും ആ താളത്തിന്റെ മായികവലയത്തിൽ നിന്ന് കാഴ്ചക്കാരാരും പുറത്തേക്ക് കടന്നിട്ടുണ്ടായിരുന്നില്ല. ഒരു വിദൂര വടക്കൻ മാസിഡോണിയൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരു 15കാരൻ, അഹ്മെത്. പിന്നെ അവന്റെ കുഞ്ഞനിയൻ, കൂട്ടുകാരി അയ.
ജോർജി എം. ഉങ്കോവ്സ്കിയാണ് ഈ അത്ഭുത സിനിമയുടെ സൃഷ്ടാവ്. ഹൃദയഹാരിയായ ഏടുകളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇടയ്ക്ക് ചിരി പടർത്തുന്നു, അടിക്കടി കൈയടികൾ ഉയരുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ആരംഭിക്കുന്നതിന്റെ ശബ്ദം ഇത്രയും രസകരമായി മറ്റെവിടെയെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല.
അമ്മ മരിച്ചതിനുശേഷം സംസാരിക്കാത്ത നയീമിന് ചേട്ടനായ അഹ്മെതിനോടുള്ള സ്നേഹം (തിരിച്ചും) നമ്മുടെ ഹൃദയംതൊടും. അവൻ തോന്നുമ്പോൾ സംസാരിച്ചോളുമെന്ന് പറയുന്ന അഹ്തിന്റെ കരുതലിലാണ് നയീമിനാശ്വാസം. കഥയും സംഗീതവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. അത് എത്രത്തോളം അഭേദ്യമാണെന്ന് പ്രകടിപ്പിക്കാൻ, സംവിധായകൻ കൃത്യമായ സന്ദർഭങ്ങളിൽ സ്ലോ-മോഷൻ ഉപയോഗിക്കുന്നുണ്ട്.
പരമ്പരാഗത സാമൂഹ്യചിന്തകളെ കീറിമുറിക്കുകയാണ് അയ. അവൾക്കിഷ്ടം നൃത്തംചെയ്യാനാണ്, ടിക്ക് ടോക്കിൽ വീഡിയോ ചെയ്യുകയാണ്. എന്നാൽ അവൾക്കത് വിലക്കപ്പെട്ട കനിയാണ്. പക്ഷേ ആ കനിയുടെ രുചി ആവുമ്പോഴെല്ലാം അവൾ രുചിക്കുന്നു. കഥയുടെ ഓരോ തിരിവിലും, ഉങ്കോവ്സ്കിയുടെ ഉൾക്കാഴ്ചയുള്ള എഴുത്ത് കാണാം.
ചെറിയ പർവത സമൂഹമായ യുറുക്ക് ജനത (ഒരു തുർക്കി വംശീയ വിഭാഗം), അവിടെ സെൽ ഫോണുകൾ വഴി കുടുങ്ങിക്കിടക്കുന്ന യുവാക്കൾ, ഇപ്പോഴും നിലനിൽക്കുന്ന ആഴത്തിലുള്ള പുരുഷാധിപത്യം. അതിന്റെ തലയൽകയറി നൃത്തംചെയ്യുന്ന അയയും കൂട്ടുകാരികളും കൈയടി വാങ്ങുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തിലെ തങ്ങളുടെ സ്വാതന്ത്ര്യം പണയംവെച്ച സ്ത്രീകളുടെ മുറിവേറ്റ യാഥാർത്ഥ്യങ്ങളെ ചിത്രം വരച്ചുകാട്ടുന്നു.
ALSO READ: മുറിവുകളിലൂടെ പടർന്നു കയറുന്ന യാഥാർഥ്യം; ‘ഹീദ്ര’ റിവ്യൂ
അഹ്മെതിനും അയയ്ക്കും ഇടയിലുള്ള സ്നേഹം കൺവെൻഷനുകളെ ധിക്കരിക്കുന്നതാണ്, അതൊരു ശാക്തീകരണ ടൂളായി വർത്തിക്കുന്നുമുണ്ട്. സിനിമയുടെ അവസാനം അത് കാഴ്ചക്കാരോട് പറയുന്നു, അത്ഭുതകരമായ ആനന്ദങ്ങളിൽ നിങ്ങൾക്കും മുഴകാനാകുമേയെന്ന്. ഡിജെ അഹ്മെത്, ഈ വർഷത്തെ ഐഎഫ്എഫ്കെയി സിനിമകളിൽ ഏറ്റവും മനോഹരമായ ഒന്ന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

