ലാമിയാ, നീ സുരക്ഷിതയെന്ന് കരുതട്ടെ ഞാൻ…?

PRESIDENTS CAKE REVIEW

ദൃശ്യ ദാമോദരൻ

ഐഎഫ്എഫ്കെയിൽ പ്രേക്ഷകപ്രീതിനേടിയ ചിത്രമാണ് പ്രസിഡന്റ്സ് കേക്ക്. ഹസൻ ഹാദിയുടെ ആദ്യ സംവിധാനസംരംഭം. രചനയും ഹസൻ തന്നെ. ബനീൻ അഹമ്മദ് നായിഫ്, സജാദ് മുഹമ്മദ് ഖാസിം, വഹീദ് താബെത് ഖ്രെയ്ബത്ത്, റഹീം അൽഹാജ് എന്നിങ്ങനെ അഭിനയംകൊണ്ട് ഓരോരുത്തരും അത്ഭുതപ്പെടുത്തിയ സിനിമ. ലാമിയ ആയുള്ള ബനീനിന്റെ പ്രകടനം കണ്ണുകളിൽ നിന്ന് മായുന്നേയില്ല. അവളുടെ കുഞ്ഞിക്കണ്ണുകളിൽ കാഴ്ചക്കാരും കുരുങ്ങിക്കിടക്കുന്നു.

1990-കളിലെ ഇറാഖാണ് കഥാപശ്ചാത്തലം. സദ്ദാം ഹുസൈന്റെ കീഴിൽ ഇറാഖിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ വന്നുപോകുന്നത്. പ്രസി‍ഡന്റിനെ പ്രകീർത്തിക്കുന്ന, തങ്ങളുടെ ജീവൻനൽകിയും സംരക്ഷിക്കുമെന്ന് ഉറക്കെ വിളിച്ചുപറയുന്ന കുഞ്ഞുങ്ങൾ മുതലുള്ള സകലമനുഷ്യർ. പ്രസി‍ഡന്റിന്റെ ജന്മദിനത്തിന്റെ ആഘോഷമാണ് പിന്നീടങ്ങോട്ട് സിനിമയുടെ കഥാ​ഗതിയെ മുന്നോട്ടുനയിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥിനിയായ ലാമിയയ്ക്കാണ് ഇത്തവണ സ്കൂളിൽ കേക്ക് ഉണ്ടാക്കാൻ നറുക്കുവീഴുന്നത്. കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടുന്ന ഇറാഖിലെ സാധാരണക്കാരായ മനുഷ്യരുടെ പ്രതീകമായി ലാമിയ മാറുന്നു. അമേരിക്കൻ ഉപരോധങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഇറാഖികൾ പട്ടിണിയിലാണ്. കേക്കുണ്ടാക്കുക എളുപ്പമല്ല, അതിനാവശ്യമായ സാമ​ഗ്രികൾ വാങ്ങാൻ അവൾ നടത്തുന്നത് യഥാ‌ർത്ഥത്തിൽ ജീവൻമരണപോരാട്ടമാണ്. കേക്കില്ലാതെ സ്കൂളിൽ പോയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ അവൾക്ക് നന്നായറിയാം.

മാവ്, പഞ്ചസാര, മുട്ട തുടങ്ങിയ അടിസ്ഥാന സാധനങ്ങൾ മാത്രമാണ് ആ കുഞ്ഞിനാവശ്യം. പക്ഷേ ഇറാഖിലെ സാധാരണക്കാർക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്താണ് അവയെന്ന യാഥാർത്ഥ്യം നമ്മളെയും ശ്വാസം മുട്ടിക്കുന്നു. ഇറ്റാലിയൻ നിയോറിയലിസത്തിന്റെ പകർപ്പുകൾ സിനിമയിൽ കാണാം. ദൈനംദിന ജീവിതത്തിന്റെ പശ്ചാത്തലങ്ങൾ അതേ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു. യാഥാർത്ഥ്യബോധം കാണികളിൽ ഉറപ്പിക്കുന്നതാണ് ഓരോ ഷോട്ടുകളും. ലമിയയ്ക്കൊപ്പം കാഴ്ചക്കാരും യാത്രയിലാണ്.

ALSO READ: ‘സോങ്സ് ഓഫ് ഫോർ​ഗോട്ടൺ ട്രീസ്’: രണ്ട് പെണ്ണുങ്ങളുടെ ലോകം

കേക്ക് എന്നത് ഇവിടെയൊരു രൂപകം മാത്രമാണ്. അധികാരത്തിന്റെയും സാധാരണ മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെയും നിസ്സഹായതയുടെയും അനിശ്ചിതത്വങ്ങളുടെയും ആകെത്തുകയാണ് ആ കേക്ക്. ഹൃദയഹാരിയായ ടേണുകളിലൂടെയും കടന്നുപോയി അവസാനത്തേക്കെത്തുമ്പോൾ പ്രേക്ഷകരും ചിലപ്പോൾ ആശ്വാസത്തിന്റെ കരയ്ക്കടുത്തുവെന്ന് കരുതിയേക്കാം. എന്നാൽ അപ്പോഴേക്കും ഇടുത്തീപോലെ ലാമിയയുടെയും സയീദിന്റെയും ഭാവി എന്താകുമെന്ന അങ്കലാപ്പിലേക്കും വിഷമത്തിലേക്കും കാഴ്ചക്കാരെ വലിച്ചിട്ടുകളയും സിനിമ. യുദ്ധത്താൽ തകർന്ന ലോകത്തിൽ കുട്ടികൾ വീണ്ടും വീണ്ടും ഇരകളാക്കപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്ന യാഥാ‌ർത്ഥ്യത്തെ ഒന്നുകൂടി ശക്തമായി സ്കീനിൽ ആണിയടിച്ച് തൂക്കുന്നുണ്ട് സംവിധായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News