
ഇക്വഡോറിയൻ സംവിധായിക അന ക്രിസ്റ്റീന ബറാഗൻ ഒരുക്കിയ ‘ഹീദ്ര’ (ദി ഐവി) മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെയും ട്രോമാറ്റിക് അനുഭവങ്ങളെയും കുറിച്ചുള്ള അതിമനോഹരമായ ഒരു ആവിഷ്കാരമാണ്. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം, മിനിമലിസത്തിന്റെ ഭംഗിയോടെയാണ് കഥ പറയുന്നത്.
പ്രേക്ഷകരെ മാനസികമായി അസ്വസ്ഥരാക്കുന്ന രീതിയിലുള്ള ഫ്രെയിമുകളും, കഥാപാത്രങ്ങളുടെ സ്വഭാവത്തോടു ചേർന്നുനിൽക്കുന്ന ക്യാമറാ മൂവ്മെന്റ്സും സിനിമയെ ഒരു ‘വിഷ്വൽ എക്സ്പീരിയൻസ്’ ആക്കി മാറ്റുന്നു.
ഒരു കെയർ ഹോമിൽ ജീവിക്കുന്ന കൗമാരക്കാരനാണ് പ്രധാന കഥാപാത്രമായ ഹൂലിയോ. അവന്റെയും കൂട്ടുകാരുടെയും ജീവിതത്തിലേക്ക് മുപ്പതുകളിൽ പ്രായമുള്ള അസുസേന എന്ന യുവതി കടന്നുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവർക്ക് ഹൂലിയോയോട് ഒരു പ്രത്യേക താല്പര്യമുണ്ട്. ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന ബന്ധം എന്താണെന്ന് നിർവചിക്കാൻ സാധിക്കാത്തതാണ്. ഹൂലിയോ അസുസേനയുടെ മകൻ തന്നെയാണെന്ന് പിന്നീട് നാം തിരിച്ചറിയുന്നു.
Also Read- അന്യഗ്രഹജീവികളോ അതോ വെറും കോൺസ്പിറസിയോ? കുഴപ്പിക്കുന്ന ‘ബുഗോണിയ’
ഓർക്കുമ്പോൾ തന്നെ ശ്വാസം മുട്ടിക്കുന്ന അനുഭവത്തിന്റെ ബാക്കിയാണ് അസുസേനക്ക് ഹൂലിയോ. അത്രമേൽ വേദനിപ്പിച്ചുകൊണ്ടാണെങ്കിലും ഒരു ഐവി ചെടിയെപോലെ പതുക്കെ ആ ബന്ധം അവരുടെ മാതൃത്വത്തെ ചുറ്റിവരിയുന്നു.
ഭൂതകാലത്തിൽ ഏറ്റ മുറിവുകളാൽ നീറി ജീവിക്കുന്ന അമ്മയും, അനാഥത്വത്തിന്റെ മുറിവ് പേറുന്ന മകനും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കുന്നതാണ് സിനിമയുടെ കാതൽ. ഇവരുടെ ബന്ധത്തിനിടയിൽ നിലനിന്നിരുന്ന നിശബ്ദമായ സംഘർഷങ്ങളുടെയും, രഹസ്യങ്ങളുടെയും പ്രതീകമെന്നോണം പുകയുന്ന ഒരു അഗ്നിപർവ്വതത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ അവസാനിക്കുന്നത്.
ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

