പനാഹിയുടെ മാനവിക പ്രഖ്യാപനം; ഭീകരതയെ നിശബ്ദമാക്കുന്ന അഹിംസാ മറുപടികളുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’

it was just an accident

ദൃശ്യ ദാമോദരൻ

നിശാ​ഗന്ധിയിൽ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ സിനിമാപ്രദർശനം. തിങ്ങിനിറഞ്ഞ സദസിന് മുന്നിലെ സ്ക്രീനിൽ സംവിധായകൻ ജാഫർ പനാഹിയുടെ പേര് തെളിഞ്ഞുവന്നപ്പോൾ ഉയർന്ന കൈയടി പിന്നീട് പലപ്പോഴായി മുഴങ്ങിക്കേട്ടു. സിനിമ അവസാനിച്ചപ്പോഴും അതേ കൈയടി. ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’, മുപ്പതാമത് ഐഎഫ്എഫ്കെയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.

ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലർ സിനിമയാണിത്. തുറന്ന രാഷ്ട്രീയ പ്രഖ്യാപനം നടത്താതെ, എന്നാൽ ഹൈലി പൊളിറ്റിക്കലായ പനാഹിയുടെ പതിവ് ചലച്ചിത്രാഖ്യാനം. ആരാണ് പനാഹി? ഇറാൻ ഭരണകൂടത്തോട് നിരന്തരം കലഹിക്കുന്ന, നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും തടവ് അനുഭവിക്കുകയും ചെയ്ത സംവിധായകൻ.

ഇറാനില്‍ സിനിമയെടുക്കുന്നതിന് തന്നെ വിലക്ക് നേരിടുന്ന ചലച്ചിത്രകാരൻ. എന്നാൽ വിലക്കോ വിലങ്ങോ പനാഹിയ്ക്ക് ഒരു തടസമേ അല്ലായിരുന്നു. അയാൾ തന്റെ അവസാനകാല ചിത്രങ്ങളെല്ലാം നിര്‍മ്മിച്ചത് രഹസ്യമായും അധികാരികളില്‍ നിന്ന് ഭീഷണികള്‍ നേരിട്ടും ആണ്. ജയിലില്‍ അടക്കപ്പെട്ടകാലത്തെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ഇറ്റ്‌ വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്’ പനാഹി ഒരുക്കിയത്.

ലോകത്തെ പരമോന്നത ചലച്ചിത്രപുരസ്കാരമായ പാം ദി ഓര്‍ സ്വന്തമാക്കിയ പനാഹിയുടെ ‘ചെറിയ വലിയ അപകടം’. “നമ്മൾ എന്ത് വസ്ത്രം ധരിക്കണം, എന്ത് ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നൊന്നും പറയാൻ ആരും ധൈര്യപ്പെടരുത്. അതിനായി നമുക്ക് ഒരുമിക്കാം” എന്നാണ് പുരസ്കാരവേദിയിൽ അന്ന് പനാഹി പറഞ്ഞത്.

ജയിൽ അനുഭവങ്ങൾ പനാഹിയുടെ വീക്ഷണങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു. മറ്റ് തടവുകാരുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും ഇറാനിയൻ സർക്കാരിന്റെ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയ അവരുടെ അനുഭവങ്ങളിൽ നിന്നുമാണ് അദ്ദേഹം ഈ സിനിമയിലെ കഥാപാത്രങ്ങളെ വാർത്തെടുത്തത്.

ജയിലിൽ വെച്ച് തങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച ഉദ്യോ​ഗസ്ഥനെ പിന്നീട് കണ്ടുമുട്ടുന്ന സാധാരണക്കാരായ ഇറാനിലെ മനുഷ്യ‌ർ, പിന്നീട് കഥാ​​ഗതിയിലെല്ലാം തുളുമ്പാതെ പിടിച്ചുനിർത്തുന്ന ഉദ്വേ​ഗം. ഇക്ബാൽ എന്ന സൈനിക ഉദ്യോ​ഗസ്ഥനെ ആകസ്മികമായാണ് വാഹിദ് കണ്ടുമുട്ടുന്നത്. ക്രൂരപീഡനത്തിന്റെ ഭൂതകാലത്തിലേക്കെത്താൻ വിശദീകരണങ്ങളോ ദൃശ്യങ്ങളോ ഇല്ല, വാഹിദിന്റെ മുഖഭാവങ്ങളിൽ നിന്നും പൊള്ളുന്ന കുഞ്ഞുസംഭാഷണങ്ങളും മാത്രം മതി. ശാരീരികമായും മാനസികമായും അയാൾ അനുഭവിക്കുന്ന വേദന പ്രേക്ഷകനുമായി കൃത്യമായി കണക്ട് ചെയ്യുന്നുണ്ട്.

ഇക്ബാലിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു വാഹിദിന്റെ തീരുമാനം. എന്നാൽ ഇക്ബാൽ തന്നെയാണോ അതെന്ന സംശയം വാഹിദിന്റെ വാനിലേക്ക് ഫോട്ടോഗ്രാഫറായ സിവയെയും ഗോലിയെയും ഭാവിവരൻ അലിയെയും ഹമീദിനെയും എത്തിച്ചു. തങ്ങളേറ്റ ക്രൂരതകൾക്ക് പകരം വീട്ടാൻ അവർ നിരന്തരം തുനിയുന്നുണ്ട്, പക്ഷേ സാധിക്കാതെ പോകുന്നു. ഇടയ്ക്ക് മനുഷ്യത്വത്തിന്റെ, അപരസ്നേഹത്തിന്റെ അപാരമായ ഷോട്ടുകളിലൂടെ പനാഹി കാഴ്ചക്കാരുടെ മനസിലേക്ക് ഇടിച്ചുകയറുന്നു. കൊടുംക്രൂരതകൾ ഏറ്റുവാങ്ങിയ സാധാരണ മനുഷ്യരുടെ അഹിംസാ മറുപടികൾ തന്നെയാണ് ഈ സിനിമയെ ലോകോത്തരവും മഹത്തരവുമാക്കുന്നത്. അക്രമത്തെ നേരിടേണ്ടത് അക്രമം കൊണ്ടല്ലെന്ന പ്രഖ്യാപനം.

ALSO READ: പച്ച നിറത്തിൽ ഇലകളാൽ മൂടിപൊതിഞ്ഞ പാടത്ത് മഞ്ഞ കമ്മൽ പൂക്കൾക്കിടയിലൂടെ തെളിഞ്ഞു കാണുന്ന മുഖം; ഫാസിൽ റസാഖിൻ്റെ മോഹം

ഇറാനിലെ മതാധികാര സൈനികോദ്യോഗസ്ഥരെയും മതഭ്രാന്തിനെയും ഭീകരതയെയും തിരശീലയിലേക്ക് അടർത്തിവെക്കാനുള്ള പഹാനിയുടെ ധൈര്യത്തിന് ലോകം കൈയടിച്ചു. സമഗ്രാധിപത്യവും മർദ്ദനാധികാരവാഴ്ചയും മതമൗലികവാദവുമെല്ലാം തുറന്നുകാട്ടപ്പെട്ട ചിത്രമെന്ന് വാഴ്ത്തപ്പെട്ടു. പരിഹാസത്തിന്റെ മേമ്പൊടി വിതറി കാണികളിൽ ചിരിപടത്തുമ്പോഴും അമ്പരപ്പുകൂടി നൽകിയാണ് ചിത്രം വികസിക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏറ്റവും ശ്രദ്ധേയസിനിമകളില്‍ ഒന്നാണ് ‘ഇറ്റ്‌ വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്’ എന്ന് പറയുന്നത് പ്രേക്ഷകരാണ്, അത് തന്നെയാണ് പഹാനിയുടെയും സിനിമയുടെയും വിജയവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News