ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറ

Homebound Movie review

ദൃശ്യ ദാമോദരൻ

‘മാസാൻ’ കണ്ടവരാരും നീരജ് ഗയ്വാൻ സിനിമകൾ വിട്ടുകളയാൻ ഇടയില്ല. ‘ഹോംബൗണ്ട്’ നീരജിന്റെ മാസ്റ്റർ ക്ലാസ് ചിത്രമാണ്. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. ബോളിവുഡിന്റെ പളപളപ്പുകൾക്കിടയിൽ വീണുകിട്ടിയ ​ഗംഭീര ക്രാഫ്റ്റ്. ഇന്ത്യയുടെ ഗ്രാമീണ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചുവച്ച ക്യാമറക്കണ്ണുകൾ കാഴ്ചക്കാരുടെ ഉള്ളുലയ്ക്കുന്നു, നെഞ്ച് പൊള്ളിക്കുന്നു, ഒരു ശരാശരി ഇന്ത്യൻ ജീവിതസമരത്തിൻ്റെ എല്ലാ ഭാവങ്ങളും ഏടുകളും കോർത്തിണക്കിയ ചലച്ചിത്രഭാഷ്യം.

സൗഹൃദത്തിന്റെയും വ്യക്തി ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട് ‘ഹോംബൗണ്ട്’. കോവിഡ് കാലത്തെ ഇന്ത്യൻ ദുരിതജീവിതം കീറിമുറിച്ച്, അതിന്റെ ഉള്ളറകളിലെ കാഴ്ചകൾ നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കുന്നു. ജാതിയുടെ അദൃശ്യ വിലങ്ങുകളും കോവിഡ് കാലത്തെ ദുരിതയാത്രയും ചങ്കിടിപ്പേറ്റുന്നു. Based on true events എന്ന ടാ​ഗ്ലൈൻ കാഴ്ചക്കാരുടെ ഹൃദയത്തിൽ വലിയ ഒരു ഭാരം എടുത്തുവയ്ക്കുന്നുണ്ട്, പ്രത്യേകിച്ചും മലയാളികളിൽ. നമ്മൾക്ക് ഒരുപക്ഷേ പരിചിതമായിരിക്കില്ല ആ കാഴ്ചകൾ.

കശ്മീരി പത്രപ്രവർത്തകനായ ബഷാറത്ത് പീർ ‘ന്യൂയോർക്ക് ടൈംസി’ൽ എഴുതിയ ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ‘ഹോംബൗണ്ടി’ന്റെ കഥ രൂപപ്പെടുത്തിയിത്. യുവാക്കളായ രണ്ട് സുഹൃത്തുക്കളിലൂടെയാണ് കഥ പുരോ​ഗമിക്കുന്നത്, ചന്ദനും ഷുഹൈബും. ജാതീയവും മതപരവുമായ വിവേചനങ്ങളും ദാരിദ്ര്യവുമെല്ലാം കൊണ്ട് അരികുവൽക്കരിക്കപ്പെട്ട രണ്ടുപേർ. മെച്ചപ്പെട്ട ജോലി, അടച്ചുറപ്പുള്ള വീട്, കുടുംബ ഭദ്രത അതിലൂടെ അവർ നേടിയെടുക്കാനുകുമെന്ന് കരുതുന്ന സാമൂഹ്യമുന്നേറ്റം. സമൂഹത്തിൽ മാന്യതയും പണവും നേടാനുള്ള വഴിയായി പൊലീസ് ഉദ്യോ​ഗസ്ഥരാകാമെന്ന് അവർ കണ്ടെത്തുന്നു, അതിനായി പരിശ്രമിക്കുന്നു.

ഇന്ത്യൻ ഗ്രാമങ്ങളിൽ തുടരുന്ന തൊഴിലില്ലായ്മയും ഒട്ടുമേ കോട്ടംതട്ടാത്ത ജാതിവ്യവസ്ഥയും അത് സൃഷ്ടിക്കുന്ന വിവേചനങ്ങളും അകാരണമായ ഇസ്ലാമോഫോബിയയും ചിത്രം ശക്തമായി രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ അപരവത്കരണം നേരിടുന്ന ദളിത്, മുസ്ലീം ജനതയുടെ പ്രത്യേകിച്ചും യുവതയുടെ സമരജീവിതം വളരെ കൃത്യമായി സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ജീവിതംമെച്ചപ്പെടുന്നുവെന്ന ഘട്ടത്തിലേക്ക് എത്തുമ്പോൾ തന്നെ ചന്ദനും ഷുഹൈബിനും ജീവിതം അവരുടെ കൈകളിൽനിന്ന് വഴുതിപ്പോകുന്നു.

ഷുഹൈബിന് സ്വത്വം തെളിയിക്കാൻ എല്ലായിടത്തും അവന്റെയും പൂർവികരുടെയുമടക്കം ഐഡി കാർഡ് പേറണം. ജാതിക്കളത്തിൽ ജനറലിന് നേരെ ടിക്കിടാൻ ചന്ദനെ പ്രേരിപ്പിക്കുന്നത് സ്വന്തം സാമൂഹ്യചുറ്റുപാടിൽ അവൻ നേരിട്ട, നേരിട്ടുകൊണ്ടേയിരിക്കുന്ന മാറ്റിനിർത്തപ്പെടലുകളും പരിഹാസവുമായിരുന്നിരിക്കണം. പേരിന്റെ വാലറ്റം തേടിപ്പോകുന്നവർ ചന്ദനെ എല്ലാക്കാലത്തും വീർപ്പുമുട്ടിക്കുന്നുണ്ട്. ഇന്നും നിലനിൽക്കുന്ന പാട്രിയാർക്കൽ കാഴ്ചകളുമുണ്ട് ചിത്രത്തിൽ. വിദ്യാഭ്യാസത്തിനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന യുവതിയുടെ കഥാപാത്രം പലതും സംസാരിക്കുന്നുണ്ട്.

സിനിമയുടെ രണ്ടാം ഭാ​ഗത്ത് ഈ സുഹൃത്തുക്കൾ കോവിഡ് ലോക്ക് ഡൗണിൽ ലോറിയിലും കാൽനടയായും കിലോമീറ്ററുകൾ താണ്ടി ഗുജറാത്തിലെ ജോലിസ്ഥലത്ത് നിന്നും ഉത്തർപ്രദേശിലെ വീട്ടിലെത്താൻ ശ്രമിക്കുന്നതാണ് പറയുന്നത്. കോവിഡ് കാലത്ത് രാജ്യത്തെ തൊഴിലാളികൾ കടന്നു പോയ ജീവിത യാതനയുടെ യാഥാർത്ഥ മുഖമാണ് അക്ഷരാർത്ഥത്തിൽ സ്ക്രീനിൽ തെളിയുന്നത്. ആ കാഴ്ചകൾ നമ്മെ അലോസരപ്പെടുത്തുന്നു, വീർപ്പുമുട്ടിക്കുന്നു. മുന്നറിയിപ്പില്ലാതെ വന്ന ലോക്ഡൗൺ അവരെ തള്ളിവിടുന്ന അരക്ഷിതാവസ്ഥയിലും നിസ്സഹായതയിലുമുണ്ട് സംഘപരിവാർ ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള കരുതൽ.

ALSO READ: ജീവിതത്തിലെ ഇൻസിഡന്റില്‍ നിന്നും പെണ്ണും പൊറാട്ടും | രാജേഷ് മാധവൻ – അഭിമുഖം

സാക്ഷാൽ മാർട്ടിൻ സ്കോർസിസാണ് ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കാനിൽ അൺസെർട്ടൻ റിഗാർഡ് വിഭാഗത്തിൽ ഹോംബൗണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വരുന്ന ഓസ്‌കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയാണ് ഈ ചിത്രം.

പ്രൊപ്പ​ഗാണ്ട സിനിമകൾ അരങ്ങുവാഴുന്ന കാലത്ത്, സെൻസർ വെട്ട് ടീമിന്റെ കൈകളിൽനിന്ന് ഹോംബൗണ്ട് എങ്ങനെ വഴുതിപ്പോയെന്ന് ആശ്ചര്യം തോന്നിയേക്കാം. ഇന്ത്യയുടെ ജീവിത യാഥാർത്ഥ്യമാണ് ഹോംബൗണ്ട് ലോകത്തോട് വിളിച്ചു പറയുന്നത്. ​ഗംഭീരമെന്നോ, ക്ലാസ് എന്നോ വിളിച്ചാലും കുറഞ്ഞുപോകും. കണ്ടിരിക്കേണ്ട സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News