
മനുഷ്യന്റെ പോരാട്ടങ്ങൾക്ക് നേർസാക്ഷിത്വം വഹിച്ചതിന്റെ ചരിത്രമാണ് സിനിമയുടേതെന്ന് പ്രശസ്ത ഇന്തോനേഷ്യൻ ചലച്ചിത്ര സംവിധായകൻ ഗാരിൻ നുഗ്രോഹോ. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ സിനിമകളിലുടനീളം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളിലേക്കാണ് നുഗ്രഹോ ക്യാമറ തിരിച്ചത്. ആ ജീവിതങ്ങളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കാനും അവർക്കർഹമായ മാന്യതയും നീതിയും ഉറപ്പാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
നുഗ്രോഹോയുടെ കാഴ്ചപ്പാടിൽ, സിനിമയുടെ ശക്തി നേരിട്ടുള്ള പോരാട്ടങ്ങളിലല്ല, തിരിച്ചറിവുകളിലാണ്. ദാരിദ്ര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയിലും പ്രതിഫലിക്കുന്നത്. മനുഷ്യജീവിതം പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ് സിനിമയും. എല്ലാറ്റിനും ഉത്തരം നൽകാൻ അതിന് കഴിയണമെന്നില്ല. പ്രാദേശിക പാരമ്പര്യങ്ങളെയും സംഗീതത്തെയും കലാരൂപങ്ങളെയും നുഗ്രോഹോ തന്റെ സിനിമകളിൽ അവതരിപ്പിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളായാണ്.
”മനുഷ്യ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ സിനിമയിലെ നിശ്ശബ്ദതയ്ക്ക് നിർണായക പങ്കുണ്ട്. മനുഷ്യരുടെ ആശയവിനിമയത്തിന്റെ വലിയൊരു ഭാഗം വാക്കുകൾക്ക് അതീതമാണ്. ചരിത്രപരമായ പ്രശ്നങ്ങളെ നേരിടുമ്പോൾ നിശ്ശബ്ദതയും സംയമനവും പലപ്പോഴും സംഭാഷണത്തേക്കാൾ കൂടുതൽ സത്യസന്ധമായി സംസാരിക്കും, ” ഗാരിൻ നുഗ്രോഹോ പറഞ്ഞു.
Also read; ഇന്ത്യൻ സിനിമയ്ക്ക് മാർഗ്ഗദർശിയായി മലയാളം; ആശയങ്ങളിലും സാങ്കേതിക വിദ്യയിലും ഊന്നി പുതിയ സിനിമാറ്റിക് കോമ്പസ്: സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ
സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയോട് ഗാരിൻ നുഗ്രോഹോയ്ക്ക് പറയാനുള്ളത് ഇത്രമാത്രം: “മുന്നിൽ വരുന്ന പ്രതിസന്ധികളെ, സത്യസന്ധതയോടെ, വ്യക്തമായ കാഴ്ചപ്പാടോടെ സമീപിക്കുക. സിനിമ തീവ്രമായ അഭിലാഷത്തിന്റെ ബഹിർസ്ഫുരണമാണ്; അധികാരത്തിന്റേതല്ല”. 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ, സമകാലിക ചലച്ചിത്രനിർമാണ വിഭാഗത്തിൽ ഗാരിൻ നുഗ്രഹോയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

