
തിരുവനന്തപുരം: സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്ത സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ് ‘ഷാഡോ ബോക്സ്’ എന്ന ബംഗാളി ചിത്രമെന്ന് സംവിധായകരായ തനുശ്രീ ദാസും സൗമ്യാനന്ദ സ്വാഹിയും. 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പ്രദർശിപ്പിച്ച ‘ഷാഡോ ബോക്സി’നെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾക്ക് സമൂഹം ഇപ്പോഴും വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
തനുശ്രീയിൽ നിന്നാണ് മായ എന്ന കഥാപാത്രത്തിന്റെ ആശയം ആദ്യമായി ഉണ്ടായത്. അതോടൊപ്പം സൗമ്യാനന്ദയുടെ കുട്ടിക്കാല അനുഭവങ്ങളും ഒത്തിണക്കിയതോടെ, ഈ വിഷയത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ഒരു പരിധിവരെ സാധിച്ചു.’മായ’ എന്ന കഥാപാത്രത്തിലൂടെ, കരുത്തിന്റെയും ധീരതയുടെയും വൈവിധ്യമാർന്ന കഥ അവതരിപ്പിക്കാനുള്ള ശ്രമം കൂടിയാണിത്.
ALSO READ : 30-ാമത് ഐഎഫ്എഫ്കെ; മേളയുടെ അഞ്ചാം ദിനമായ നാളെ 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും
സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കുടുംബബന്ധങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും വ്യത്യസ്ത ഭാവങ്ങൾ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. താൻ കണ്ട സ്ത്രീകളാണ് തന്റെ കഥാപാത്രങ്ങളായി മാറിയതെന്ന് തനുശ്രീ ദാസ് പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ ആദ്യ ചിത്രം ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാവണമെന്ന് ആഗ്രഹം തനിയ്ക്കുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.
സ്വതന്ത്ര സിനിമ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയ ‘ഷാഡോ ബോക്സ്’ രണ്ട് സംവിധായകരുടെ 10 വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. ചിത്രത്തിന്റെ നിർമ്മാണത്തിന് പിന്നിലെ കഥകൾ തികച്ചും വ്യത്യസ്തമാണെന്നും നിർമ്മാതാക്കളുടെ ഒരു കൂട്ടായ്മ തന്നെ ചിത്രത്തിനു പിന്നിലുണ്ടെന്നും സംവിധായകർ പറഞ്ഞു.
ALSO READ : IFFK-യുടെ കരുത്ത് ജനപങ്കാളിത്തം: ‘ഫുൾ പ്ലേറ്റ്’ സംവിധായിക തനിഷ്ഠ ചാറ്റർജി
“സ്വതന്ത്ര സിനിമകൾ വെറുമൊരു സംവിധായകന്റെയോ സംവിധായകയുടേയോ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടായ്മയുടെ പ്രയത്നത്തിന്റെ ഫലമാണ്. തങ്ങളുടേതായ കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക എന്നതാണ് സിനിമ സ്വപ്നം കാണുന്ന ഓരോ വ്യക്തിയും ആദ്യം ചെയ്യേണ്ടത്. നല്ല കൂട്ടുക്കെട്ടുകൾ സാധ്യമായാൽ നല്ല സിനിമകളും സൃഷ്ടിക്കപ്പെടും” എന്നും അവർ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

