പ്രണയത്തിലെ സംഘർഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥയും: ഖിഡ്കി ഗാവ്/If On A Winter’s Night – റിവ്യൂ

khidki-gaav_iffk Review

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളിൽ ഒന്നാണ് ഖിഡ്കി ഗാവ്. ദക്ഷിണ ദില്ലിയിലെ ഖിഡ്കി എന്ന നഗരപ്രാന്തപ്രദേശം പശ്ചാത്തലമാക്കിയ ഈ ചിത്രം പ്രണയത്തിലെ സംഘർഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഒരു കുഞ്ഞു ഫ്ലാറ്റിനുള്ളിൽ കഴിയുന്ന കമിതാക്കളായ രണ്ട് മനുഷ്യരുടെ പ്രതിബന്ധങ്ങൾ നിറഞ്ഞ ജീവിതയാത്രയാണ് ഖിഡ്കി ഗാവിൽ കാണാനാകുക. ദില്ലിയിൽ ലിവിങ്-ടുഗെദർ റിലേഷൻഷിപ്പിൽ ജീവിക്കുന്ന സാറ (ഭാനു പ്രിയംവദ), അഭി (റോഷൻ അബ്ദുൾ റഹൂഫ്) എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഒരു ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സാറ, നാട്ടിൽ തന്‍റെ കുടുംബത്തിലെ യാഥാസ്ഥിതിക കെട്ടുപാടുകളിൽനിന്ന് രക്ഷപ്പെട്ട് വന്നവളാണ്. ചിത്രകാരനായ അഭി, സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഒരു എക്സിബിഷൻ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇരുവരുടെയും സുരക്ഷിതവും സ്വകാര്യതയുമുള്ള അഭയസ്ഥാനമാണ് ആ ഫ്ലാറ്റ്. എന്നാൽ സംശയരോഗിയായ വീട്ടുടമസ്ഥയും, ഇടയ്ക്കിടെ എത്തുന്ന സുഹൃത്തുക്കളും അഭിയുടെയും സാറയുടെയും ബന്ധത്തിലും സ്വകാര്യതയിലും വിള്ളൽ വീഴ്ത്തുന്നു.

ഒറ്റക്കാഴ്ചയിൽ പ്രണയസംഘർഷങ്ങളും കുടിയേറ്റ അരക്ഷിതാവസ്ഥകളും പറയുന്ന സിനിമ വരികൾക്കിടയിലൂടെ വർഗസമരവും ഏകാന്തമായ നഗരജീവിതവും പ്രേക്ഷകർക്ക് പകർന്നുകൊടുക്കുന്നുണ്ട്. പെട്ടെന്നൊരു ദിവസം സുരക്ഷിതമെന്ന് കരുതിയിരുന്ന ഫ്ലാറ്റിൽനിന്ന് ഇറങ്ങേണ്ടിവരികയും അഭിയും സാറയും പെരുവഴിയിലാകുകയും ചെയ്യുന്നു. ദില്ലിയിലെ കൊടുംതണുപ്പ് കഥാപാത്രങ്ങളുടെ മനസ് മരവിക്കുന്നതിന്‍റെ കൂടി പ്രതീകമായാണ് സിനിമ അവതരിപ്പിക്കുന്നത്.

മഹാ നഗരത്തിൽ, സ്വന്തമായി ഒരു ഇടം കണ്ടെത്താൻ പാടുപെടുന്ന മധ്യവർഗ്ഗത്തിന്റെ, പ്രതിബന്ധങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. ലിവിങ്-ടുഗെദർ ബന്ധങ്ങളോടുള്ള സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടവും നഗരം എങ്ങനെയാണ് മനുഷ്യരെ പരസ്പരം അകറ്റുന്നത് എന്നതും അടയാളപ്പെടുത്തിയാണ് ചിത്രം പുരോഗമിക്കുന്നത്.

Also Read- സാമ്പത്തികമാന്ദ്യം മനുഷ്യന്‍റെ വൈകാരികതലങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചകൾ; ‘ദ വെർജിൻ ഓഫ് ദ ക്വാറി ലേക്ക്’- റിവ്യൂ

ദൃശ്യഭാഷയും ആസ്വാദനവുംകൊണ്ട് ആദ്യ ചിത്രമായ ഏദനിലൂടെ നിരൂപക പ്രശംസ നേടിയ സഞ്ജു, ഇത്തവണ കൂടുതൽ റിയലിസ്റ്റിക് ആയ ആവിഷ്ക്കാരരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. മനേഷ് മാധവന്റെ ഛായാഗ്രഹണം, ഫ്ലാറ്റിനുള്ളിലെ ഇടുങ്ങിയ ഇടങ്ങളെ ഒരേസമയം മനോഹരമായും എന്നാൽ ശ്വാസം മുട്ടിക്കുന്നതായും അനുഭവപ്പെടുത്തുന്നു. ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പായൽ കപാഡിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുന്നുവെന്ന പ്രത്യേകതയും ഖിഡ്കി ഗാവിനുണ്ട്.

ഐഎഫ്എഫ്കെ സമഗ്ര കവറേജ്

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ശേഷം ഐ.എഫ്.എഫ്.കെയിൽ എത്തുന്ന ‘ഖിഡ്കി ഗാവ്’, നഗരകേന്ദ്രീകൃത സിനിമകളെ ഗൗരവമായി സമീപിക്കുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും. വലിയ ബഹളങ്ങളില്ലാതെ, നിശബ്ദതയിലൂടെയും സൂക്ഷ്മമായ നോട്ടങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന ഈ ചിത്രം, സമകാലിക ഇന്ത്യൻ യുവത്വത്തിന്റെ പരിച്ഛേദം കൂടിയാണ്.

ഐഎഫ്എഫ്കെ പ്രത്യേക പേജ്

ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News