
മുപ്പതാമത് ഐഎഫ്എഫ്കെയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമയാണ് അർജന്‍റീനയിൽനിന്നുള്ള ദ വെർജിൻ ഓഫ് ദി ക്വാറി ലേക്ക്. പ്രശസ്ത ചലച്ചിത്രകാരൻ ലോറ കസാബെ സംവിധാനം ചെയ്ത ‘ദ വെർജിൻ ഓഫ് ദി ക്വാറി ലേക്ക്’. കൗമാരക്കാരുടെ പ്രശ്നങ്ങൾ പറയുന്ന സിനിമ എന്നതിൽ ഉപരി, 2001-ൽ അർജന്റീന നേരിട്ട കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രതിസന്ധിയും വരികൾക്കിടയിലൂടെ വരച്ചുകാട്ടുന്നു.
മരിയന എൻറിക്വസിന്റെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന നതാലിയ എന്ന കൗമാരക്കാരിയുടെയും അവളുടെ സുഹൃത്തുക്കളുടെയും കഥയാണ് പറയുന്നത്. 2001-ലെ വേനൽക്കാലത്ത്, ഡിയേഗോ എന്ന യുവാവിനോട് നതാലിയയ്ക്കും കൂട്ടുകാരികൾക്കും തോന്നുന്ന പ്രണയവും, ഇവർക്കിടയിലേക്ക് വരുന്ന സിൽവിയ എന്ന മുതിർന്ന യുവതിയോടുള്ള അസൂയയും സംഘർഷങ്ങളുമാണ് ഇതിവൃത്തം. നതാലിയയും കൂട്ടുകാരും ജീവിതം ആസ്വദിക്കുകയും വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടുകയും ചെയ്യുമ്പോഴും, രാജ്യം നേരിടുന്ന വലിയൊരു തകർച്ചയുടെ നിഴലിലാണ് ഓരോ കഥാപാത്രവും മുന്നോട്ടുപോകുന്നത്.
അർജന്‍റീന, അവരുടെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ സാമ്പത്തികമാന്ദ്യങ്ങളിലൊന്നാണ് 2001-ലേത്. അത് അവരെ രാഷ്ട്രീയമായും സാമൂഹികമായും ആഴത്തിലുള്ള പ്രതിസന്ധിയിലാണ് കൊണ്ടെത്തിക്കുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം, പ്രക്ഷോഭങ്ങൾ എന്നിവ കൊണ്ട് അത്യന്തം കലുഷിതമായ ആ കാലഘട്ടത്തിന്‍റ നേർചിത്രം പ്രതീകാത്മകമായി സിനിമ, പ്രേക്ഷകർക്ക് പകർന്നുനൽകുന്നുണ്ട്.. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അരക്ഷിതാവസ്ഥയും നിരാശയും, അക്കാലത്ത് അർജന്റീന അനുഭവിച്ച സാമ്പത്തിക തകർച്ചയുടെ പ്രതിഫലനമാണ്.
Also Read- ഭരണകൂടങ്ങൾക്ക് ചരിത്രത്തെ മായ്ക്കാൻ കഴിയില്ല: ‘എ യൂസ്‌ഫുൾ ഗോസ്റ്റ്’ – റിവ്യൂ വായിക്കാം
ഇടയ്ക്കിടെയുള്ള പവർകട്ട്, ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ, ദാരിദ്ര്യം പുകയുന്ന തെരുവുകൾ, അതിക്രൂരമായ മർദ്ദനങ്ങൾ എന്നിവയൊക്കെ അന്നത്തെ സാമൂഹികാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. കൗമാരക്കാരുടെ പ്രണയവും അസൂയയും വളരുന്നതിനൊപ്പം തന്നെ, ചുറ്റുമുള്ള സമൂഹത്തിന്റെ തകർച്ചയുടെ കാഴ്ചകളും സമാന്തരമായി തന്നെ സിനിമയിൽ കാണാം. നതാലിയയ്ക്ക് മാനസികമായി ഉണ്ടാകുന്ന മാറ്റങ്ങൾ പോലും, അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ, അല്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിച്ച ഒരു തലമുറയുടെ രോഷമായി വ്യാഖ്യാനിക്കാം. സാമ്പത്തികമായി തകർന്നടിഞ്ഞ ഒരു രാജ്യത്ത്, ഭാവി ഇരുളടഞ്ഞതാണെന്ന തോന്നൽ യുവാക്കളിൽ ഉണ്ടാക്കുന്ന മരവിപ്പും അക്രമവാസനയും സംവിധായിക സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു.
ഡിയേഗോയുടെ പ്രണയം സ്വന്തമാക്കാനായി നതാലിയ നടത്തുന്ന എല്ലാ ശ്രമങ്ങളും അവസാനിക്കുമ്പോൾ, അവളിൽ ഉടലെടുക്കുന്ന തീക്ഷ്ണമായ പകയും തുടർന്നുണ്ടാകുന്ന അത്യന്തം ഭയാനകമായ സംഭവങ്ങളുമാണ് ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രേക്ഷകനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസങ്ങളുമായി മറ്റൊരു തലത്തിലേക്ക് സിനിമ മാറുന്നു. ഈ ഐഎഫ്എഫ്കെയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്ന് തന്നെയാണിത്. ഒരു രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തികമാന്ദ്യം വ്യക്തിപരമായും വൈകാരികമായും മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നത് എങ്ങനെയെന്നും ദ വെർജിൻ ഓഫ് ദി ക്വാറി ലേക്ക് എന്ന ചിത്രം ആവിഷ്ക്കരിക്കുന്നുണ്ട്.
ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

