
സ്പാനിഷ് സംവിധായിക ഇൻഗ്രിഡ് സാന്റോസ് ഇൻഗ്രിഡിന്‍റെ ആദ്യ ഫീച്ചർ ഫിലിമാണിത്. ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടാഗോറിൽ നിറഞ്ഞ സദസിലായിരുന്നില്ലെങ്കിലും, പ്രേക്ഷകശ്രദ്ധ നേടിയായിരുന്നു പ്രദർശനം. ഫ്രീസ്റ്റൈൽ റാപ്പിന്റെ ലോകവും, സ്വന്തം വ്യക്തിത്വവും പൈതൃകവും തമ്മിൽ പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ പോരാട്ടമാണ് ബീഫ്” (റൂയിഡോ) എന്ന സിനിമയുടെ പ്രമേയം.
കഴിഞ്ഞ മാർച്ചിൽ മലാഗ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിലും കഴിഞ്ഞ ആഴ്ച സിയാറ്റിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം ഐഎഫ്എഫ്കെയിലേക്ക് എത്തിയത്.
സ്പെയിനിലെ ബാഴ്സലോണയിൽ താമസിക്കുന്ന ആഫ്രിക്കൻ വംശജയായ കൗമാരക്കാരി ലതിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥാഗതി വികസിക്കുന്നത്. സംഗീതജ്ഞനായ പിതാവിന്റെ മരണശേഷം റാപ്പിൽ അഭയം തേടാൻ ശ്രമിക്കുകയാണ് ലതി. എന്നാൽ മകൾ സംഗീതലോകത്തേക്ക് പോകുന്നത് അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. റാപ്പിനെ അപകടകരവും അശ്ലീലവുമായാണ് ലതിയുടെ അമ്മ കാണുന്നത്. ഡെന്‍റൽ അസിസ്റ്റന്‍റ് ക്ലാസുകൾ ഒഴിവാക്കി രഹസ്യമായി ഒറു മുൻ റാപ്പറുടെയടുക്കൽ പരിശീലനം നടത്താൻ തുടങ്ങുന്നു. അവളുടെ പരിമിതികളെ മറികടക്കാൻ പരിശീലകൻ സഹായിക്കുന്നു. അങ്ങനെ ജീവിതത്തിലെ വലിയ ലക്ഷ്യത്തിലേക്ക് അവൾ യാത്ര തിരിക്കുകയാണ്.
ഏറെ വികാരനിർഭരമായ ഒരു സോഷ്യൽ ഡ്രാമ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമാണിത്. പുരുഷാധിപത്യം നിറഞ്ഞ റാപ്പ് ലോകത്തിൽ ലതിക്ക് നേരിടേണ്ടിവരുന്നത് ഒട്ടനവധി പ്രതിബന്ധങ്ങളാണ്. എന്നാൽ സ്ത്രീകളുടെ ഐക്യത്തിലൂന്നി അവൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നു. പൈതൃകത്തിലൂന്നി മുന്നോട്ടുപോകുന്ന, സ്പെയിനിലെ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ യുവതലമുറ, സ്വന്തം വ്യക്തിത്വം ഊട്ടിയുറപ്പിക്കാനുള്ള അദമ്യമായ ആഗ്രഹത്തെ ചിത്രം വരച്ചിടുന്നു.
ചിത്രത്തിൽ ലതിയെ അവതരിപ്പിച്ച പ്രധാന നായികയായ ലത്തീഫ ദ്രാമേയുടെ അഭിനയമികവും സ്ക്രീൻ പ്രസൻസും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ബാഴ്സലോണയെങ്കിലും, ടൂറിസ്റ്റുകളെത്താത്ത ആ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലേക്ക് പ്രേക്ഷകനെ ചിത്രം കൂട്ടിക്കൊണ്ടുപോകുന്നു. ഛായാഗ്രഹണത്തിലെ മികവും തിരക്കഥയുടെ ശക്തിയുമാണ് ബീഫ് എന്ന ചിത്രത്തെ വേറിട്ടുനിർത്തുന്ന മറ്റ് ഘടകങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


