
ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതി മാതൃകയായി കോഴിക്കോട്ടേ താവണ്ടി ശ്രീ ഭഗവതി ക്ഷേത്രം. തിറമഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
വര്‍ഗീയ ലഹളകളും ന്യൂനപക്ഷ പീഡനങ്ങളും രാജ്യത്ത് തുടര്‍ക്കഥ ആവുമ്പോള്‍, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് കോഴിക്കോട്ടെ താവണ്ടി ശ്രീ ഭഗവതി ക്ഷേത്രം. കഴിഞ്ഞ ദിവസമാണ് ക്ഷേത്രാങ്കണത്തില്‍ വച്ച് നോമ്പ് നോറ്റ തങ്ങളുടെ ഇസ്ലാം സഹോദരന്മാര്‍ക്ക്, ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും മാതൃക ഇവര്‍ തീര്‍ത്തത്. ക്ഷേത്ര പരിസരത്ത് വച്ച് നടത്തിയ ഇഫ്താര്‍ വിരുന്നിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇഫ്താര്‍ വിരുന്നില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം നിരവധി പേരാണ് പങ്കെടുത്തത്.
സാംസ്‌കാരിക രംഗത്ത് നിന്ന് എഴുത്തുകാരന്‍ അബൂബക്കര്‍ കാപ്പാട്, എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ നാസര്‍ കാപ്പാട്, എം നൗഫല്‍, റഷീദ് വെങ്ങളം, സി എം സുനിലേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊയിലാണ്ടി, കപ്പക്കടവ്, മുനമ്പത്ത്, വലിയാണ്ടി മഹല്ല് കമ്മിറ്റിയംഗങ്ങള്‍ അടക്കം രാഷ്ട്രീയ-മത-പൊതു രംഗത്തു നിന്നും നൂറുകണക്കിന് പേര്‍ വിരുന്നില്‍ സാന്നിധ്യം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here