
ലേബർ കോഡ് നടപ്പാക്കുന്നത് മിനിമം കൂലി ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണെന്ന് എൽഡിഎഫ് കൺവീനറും സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റുമായ ടി പി രാമകൃഷ്ണൻ. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സി ഐ ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള 29 നിയമങ്ങൾ റദ്ദാക്കി പകരം ലേബർ കോഡ് വന്നാൽ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങൾ പലതും അട്ടിമറിക്കപ്പെടും. അതിലൊന്ന് മിനിമം കൂലിയാണ്. മറ്റൊന്ന് 8 മണിക്കൂർ ജോലിയെന്ന അനേകായിരം തൊഴിലാളികളുടെ ജീവൻ കൊടുത്ത് നേടിയ അവകാശമാണ്. അത് 12 മണിക്കൂറാകും.
Also Read: പാർട്ടി ദുർബലമായ മേഖലകളിൽ ശക്തി വർധിപ്പിക്കാൻ കർമ്മ പദ്ധതി തയാറാക്കും: എം വി ജയരാജൻ
കർണാടകയിലും തെലങ്കാനയിലും ഇത് നടപ്പാക്കിയിട്ടുണ്ട്. രണ്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഈ നിയമം പാർലമെൻ്റിൽ പാസാക്കുമ്പോൾ അനുകൂല നിലപാടാണ് കോൺഗ്രസ് എം പിമാർ സ്വീകരിച്ചത്. എന്നാൽ തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്ന ഏതെങ്കിലും ആനുകൂല്യം ഇല്ലാതാക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സി ഐ ടി യു പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സുധീർലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബി തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ് ജയമോഹൻ, ജോർജ് മാത്യു, എം എ രാജഗോപാൽ, പി സജി, എസ് ബിജു, ഹണി ബാലചന്ദ്രൻ, എ ആർ ബിജു എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

