പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുന്നു: ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുകയാണെന്ന് ഇമ്രാൻ ഖാൻ. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വീണ്ടുമൊരു അറസ്റ്റ് നീക്കത്തിന് സാഹചര്യം ഒരുങ്ങുന്നുവെന്ന ആശങ്കയിൽ തുടരുകയാണ് പാക്കിസ്ഥാൻ. ലാഹോറിൽ ഇമ്രാന്റെ വസതിയായ സമൻ പാർക്കിന് ചുറ്റും അണിനിരന്നിട്ടുള്ള പൊലീസ് സംഘം ഇമ്രാൻ സംരക്ഷിക്കുന്ന മുന്നൂറോളം അക്രമികളെ വിട്ടു തരണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ വേണ്ടിയുള്ള നീക്കമാണ് പൊലീസ് നടത്തുന്നത് എന്നാണ് പിടിഐയുടെ വാദം.
ഇമ്രാന്റെ വസതിക്ക് ചുറ്റുമുള്ള വഴികളെല്ലാം കൊട്ടിയടച്ചിട്ടുമുണ്ട് പൊലീസ് സംഘം. മെയ് 9-ന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിടിഐ നേതാക്കളായ ഷാ മഹമൂദ് ഖുറേഷി, ഷഹരിയാർ അഫ്രീദിയുടെ ജീവിതപങ്കാളിയായ റാബിയ തുടങ്ങിയവരെ വിട്ടയക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇനിയും 7500 ഓളം പിടിഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് ഇമ്രാൻ അനുയായികളുടെ ആരോപണം.
അൽ ഖാദിർ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബോർഡ് അയച്ച സമൻസിന് വിശദീകരണവും രേഖകളും ചേർത്ത് മറുപടി നൽകിയിട്ടുണ്ട് ഇമ്രാൻ ഖാൻ. നിലവിൽ ലാഹോറിൽ തുടരുന്ന തനിക്ക് റാവൽപിണ്ടിയിൽ എത്തി എൻഎബി സംഘത്തിന് മുമ്പാകെ ഹാജരാകാൻ കഴിയില്ലെന്നും വക്കീൽ മുഖേന ഇമ്രാൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഒരു കൂട്ടം നീചൻമാരുടെയും കുറ്റവാളികളുടെയും കൈകളിലാണ് രാജ്യത്തിൻറെ ഭരണമെന്നാണ് ഇമ്രാൻഖാൻ ട്വിറ്ററിൽ ഉയർത്തുന്ന വിമർശനം. മെയ് 9ന് തൻറെ അറസ്റ്റിനെ തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 25 പേർ കൊല്ലപ്പെടുകയും 600 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റവും സമാധാനപരമായി പ്രതിഷേധിച്ച പിടിഐ പ്രവർത്തകർക്ക് നേരെയാണ് ഭരണകൂടത്തിന്റെ പഴി മുഴുവൻ. പ്രശ്നത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിൽ ആക്രമിക്കപ്പെട്ട പ്രവർത്തകരുടെ ദൃശ്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ ട്വീറ്റുകൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News