പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് സൈനിക മേധാവി; വിമർശനവുമായി ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് സൈനിക മേധാവിയെന്ന വിമർശനവുമായി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെറും റബ്ബർ സ്റ്റാമ്പ് മാത്രം. തന്റെ പാർട്ടിയെ ഇല്ലാതാക്കാനാണ് സൈന്യത്തിന്റെ നീക്കമെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും ഇമ്രാന്റെ പ്രതികരണം. തീവ്രവാദ കുറ്റം ചുമത്തിയ എട്ടോളം കേസുകളിൽ ഇമ്രാന് ജാമ്യവും ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ ഭരണകൂടത്തിന് നേരെ നിരന്തരം രൂക്ഷഭാഷയിൽ വിമർശനം ഉയർത്തുന്ന ഇമ്രാൻ ഖാൻ സൈന്യത്തിന് നേരെയാണ് ഇത്തവണ വിമർശനം കടുപ്പിക്കുന്നത്. പാകിസ്ഥാനിലെ സൈനിക മേധാവിയായ അസിം മുനീറാണ് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് എന്നാണ് ഇമ്രാന്റെ ആരോപണം.

പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭരണ തലത്തിൽ അപ്രസക്തനാണെന്നും തുറന്നടിക്കുകയാണ് ഇമ്രാൻ. തൻറെ സ്വന്തം പാർട്ടിയായ പാക് തെഹരീക് ഇ ഇൻസാഫിനെ ഇല്ലാതാക്കാനാണ് സൈന്യത്തിൻറെ നീക്കം. താൻ ആരുമായും ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ പ്രധാനമന്ത്രി ഷെരീഫുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലല്ലോ എന്നും ഇമ്രാൻ വിമർശനം ഉയർത്തിയിട്ടുണ്ട്. പാക് സൈനിക മേധാവിയുമായി ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ചതായാണ് ഇമ്രാന്റെ പ്രതികരണത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി എട്ടോളം കേസുകളിൽ ഇമ്രാൻഖാൻ ജൂൺ 8 വരെ ജാമ്യമനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്നപ്പോൾ അഴിമതി നടത്തിയെന്ന നിരവധി കേസുകൾക്കൊപ്പം സ്ഥാനഭ്രഷ്ടനായതു മുതൽ 150 ഓളം കേസുകളാണ് ഇമ്രാന് നേരെ ഭരണകൂടം ചുമത്തിയിട്ടുള്ളത്.

ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ നഗരങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദ കുറ്റമടക്കം ചുമത്തിയിരുന്നു. മെയ് 9ന് ഇമ്രാന് നേരെ നടന്ന അറസ്റ്റ് നടപടിയുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളിലും പിടിഐ പ്രവർത്തകർക്ക് നേരെ സൈനിക നടപടികൾ തുടരുകയാണ്. ഇമ്രാന്റെ ജീവിത പങ്കാളി ബുഷ്റ ബീവിക്ക് നാഷണൽ അക്കൗണ്ടബിലിറ്റി ബോർഡ് ചുമത്തിയ അഴിമതിക്കുറ്റത്തിലും മെയ് 31 വരെ ജാമ്യം ലഭിച്ചിട്ടുണ്ട്.

റാവൽപിണ്ടിയിലെ എൻഎബി ആസ്ഥാനത്ത് നേരിട്ട് ഹാജരായ
ഇമ്രാൻ അഴിമതി കേസുകളിൽ തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതിഷേധങ്ങൾ തെരുവിൽ സ്വയം അണിനിരത്തി തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യം കടുപ്പിക്കുകയാണ് ഇമ്രാൻ ഖാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here