ആലുവയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം, രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലുവയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ആലുവ സ്വദേശികളായ ടിബിന്‍, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ദേശീയപാതയുടെ സമാന്തര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറും ഓട്ടോറിക്ഷയും തമ്മില്‍ ഉരസിയതാണ് സംഭവങ്ങളുടെ തുടക്കം. എതിര്‍ ദിശകളില്‍ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. കാറില്‍ ഉരസിയ ശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കാര്‍ യാത്രികരായ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്തു. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. ഓട്ടോ ഡ്രൈവറടക്കം നാല് പേര്‍ ചേര്‍ന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി യുവാക്കള്‍ പറഞ്ഞു. ഏലൂക്കര സ്വദേശി നസീഫ് സുഹൃത്ത് ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കല്ലും വടിയും ഉപയോഗിച്ച് യുവാക്കളെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചതായി പരാതിക്കാര്‍ പറഞ്ഞു. കാറിന്റെ മുന്‍ ചില്ല് തകര്‍ത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന പേഴ്‌സും പണവും നഷ്ടപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനം കണ്ട ചിലര്‍ യുവാക്കളെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഓട്ടോയിലുണ്ടായിരുന്നവര്‍ വഴങ്ങിയില്ല. യുവാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആലുവ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News