ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറിന് കരാറൊപ്പിട്ടു

ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറില്‍ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമമന്ത്രി പി രാജീവ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം ആര്‍ ജയശങ്കര്‍, ജോയിന്റ് മാനേജ്മന്റ് ഡയറക്ടര്‍ നിരുപ ശങ്കര്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരു ആസ്ഥാനമായ പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവര്‍ പണിയുന്നത്. 1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ഇതിലൂടെ 2700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായാണ് മൂന്നാമത്തെ ടവര്‍ വരുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്. 150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ 2016-ന് ശേഷം 583 പുതിയ കമ്പനികള്‍ സ്ഥാപിക്കുകയും ഇതുവരെ എഴുപത്തിനായിരത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ:കണ്ണൂരിൽ ബോംബ് പൊട്ടി മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരൻ അല്ലല്ലോ; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവര്‍ വരുന്നത് ഇന്‍ഫോപാര്‍ക്കിലെ വികസനത്തിനു മാത്രമല്ല ഐ ടി രംഗത്ത് കേരളത്തിന്റെ കുതിപ്പിനു വേഗം കൂട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍ഫോപാര്‍ക്കിലെ നോണ്‍-സെസ് വിഭാഗത്തില്‍ ആവശ്യക്കാരേറെയാണെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ബ്രിഗേഡിന്റെ പുതിയ പദ്ധതി വരുന്നതോടു കൂടി സംരംഭകരുടെ ആവശ്യം പരിഹരിക്കാന്‍ സാധിക്കും. ഇതിലൂടെ പ്രമുഖ കമ്പനികളെ ഇന്‍ഫോപാര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറോടുകൂടി കേരളത്തിലെ ഐടി- ഐടി അനുബന്ധ കമ്പനികള്‍ക്കായി ബ്രിഗേഡ് ഗ്രൂപ്പിന്റെ സാന്നിദ്ധ്യം വര്‍ധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം ആര്‍ ജയശങ്കര്‍ പറഞ്ഞു. ഭൂമി ലഭിക്കുകയാണെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും വിപുലീകരിക്കാന്‍ ബ്രിഗേഡ് ഗ്രൂപ്പിന് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയില്‍ രണ്ട് ടവറുകളാണ് ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം 7,70,000 ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലമുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായും വിവിധ കമ്പനികള്‍ പാട്ടത്തിനെടുത്തു കഴിഞ്ഞു. ബഹുരാഷ്ട്ര കമ്പനികളായ കെപിഎംജി, ഐബിഎം, യുഎസ്ടി, സെറോക്‌സ്, ജി10എക്‌സ്, മൈന്‍ഡ് കര്‍വ്, വില്യംസ് ലീ, ആസ്പയര്‍ ഉള്‍പ്പെടെ 37 കമ്പനികളിലായി 8000 ലധികം ജീവനക്കാര്‍ എ, ബി ടവറുകളിലായി ജോലി ചെയ്തു വരുന്നു.

ALSO READ:ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ലോകോത്തര നിലവാരത്തിലുള്ള വര്‍ക്ക് സ്‌പേസുകള്‍ക്ക് ഗ്രേഡ് എ അംഗീകാരവും, ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനുമുണ്ട്. ഇതിനു പുറമെ ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണും ബ്രിഗേഡ് ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഇന്‍ഫോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ 3 വരുന്നതോടെ കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും വര്‍ധിക്കും. കൂടാതെ, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ്-1ല്‍ ബ്രിഗേഡ് സ്‌ക്വയറും സജ്ജമാവുകയാണ്.

ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ദേവനഹള്ളി ഉള്‍പ്പടെ ദക്ഷിണേന്ത്യയിലെ ആറ് വേള്‍ഡ് ട്രേഡ് സെന്ററുകളുടെ ലൈസന്‍സുകളാണ് ബ്രിഗേഡ് ഗ്രൂപ്പിന് ഉള്ളത്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ കൊണ്ട് 300 ഓളം കെട്ടിടങ്ങളിലൂടെ വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി 90 ദശലക്ഷം ചതുരശ്രയടി സ്ഥലവും ബ്രിഗേഡ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവറിന് കരാറൊപ്പിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News