പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേ മുട്ടയേറ്

പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേ ഡിസിസി ജനറൽ സെക്രട്ടറിയുടെ വക മുട്ടയേറ്. കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി സെക്രട്ടറിയും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫ് മുട്ടയെറിഞ്ഞത്.

പത്തനംതിട്ടയിൽ ഹാഥ് സെ ഹാഥ് ജാഥയുടെ തുടക്കത്തിൽ വച്ച് തന്നെ കോൺഗ്രസിലെ തമ്മിൽ തല്ലും ആരംഭിച്ചിരിക്കുന്നത്.വലഞ്ചുഴിയിൽ നിന്ന് ജാഥ തുടങ്ങിയപ്പോളാണ് ജാഥയ്ക്ക് നേരേ മുട്ടയേറുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെ എത്തിയത്.ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ജാഥയ്ക്ക് നേരേ ആക്രമണം അഴിച്ചുവിട്ടത്. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് മുട്ട എറിഞ്ഞത്.

എം എം നസീറിന്റെ വാഹനത്തിന് നേരെയും എം സി ഷെരീഫിന്റെ അനുകൂലികൾ കല്ലെറിഞ്ഞു. മദ്യപിച്ച് എത്തിയ ഷെരീഫ് ജാഥയക്ക് നേരെ ആക്രമം നടത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഷെരീഫിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നസീർ അറിയിച്ചു. എന്നാൽ കോൺഗ്രസിലെ രൂക്ഷമായ വിഭാഗീയതയാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്.

ഷെരീഫ് ഉൾപ്പെടയുള്ള എ – ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ജാഥയുടെ ഫ്ലക്സ് ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതായാണ് പരാതി. ഇത് കെ സി വേണുഗോപാൽ പക്ഷവും ഡിസിസി പ്രസിഡന്റും ബോധപൂർവ്വം ചെയ്തുവെന്ന ആരോപണമാണ് ഗ്രൂപ്പ് നേതാക്കൾക്കുള്ളത്. ഡിസിസി പുനഃസംഘടനാ യോഗത്തിലെ തർക്കത്തെ തുടർന്ന് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് നിലവിൽ പാർട്ടിക്ക് പുറത്താണ്. പത്തനംതിട്ടയിൽ കോൺഗ്രസ് യോഗങ്ങളിൽ കയ്യാങ്കളി തുടർക്കഥയാകുമ്പോഴാണ് ഹാഥ് സെ ഹാഥ് ജോഡോ ജാഥയ്ക്കിടയിലും പ്രവർത്തകരുടെ തമ്മിൽത്തല്ല് ഉണ്ടാകുന്നത്.ഡിസിസി യോഗത്തിനിടെ ജനറൽ സെക്രട്ടറി വി ആർ സോജിയെ ഒരുകൂട്ടം പ്രവർത്തകർ മർദ്ദിച്ചിരുന്നു. പിജെ കുര്യൻ പങ്കെടുത്ത മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയിലെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. മുതിർന്ന നേതാക്കളെ വെട്ടിനിരത്തി കെസി വേണുഗോപാൽ ഗ്രൂപ്പ് പഴകുളം മധു ജില്ലയിൽ നടത്തുന്ന നീക്കങ്ങളാണ് എ ഗ്രൂപ്പിനെ അസ്വസ്ഥരാക്കുന്നത്. പിജെ കുര്യൻറെ വിശ്വസ്തനായ ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിലും എ ഗ്രൂപ്പിനോട് കടുത്ത അവഗണണ കാട്ടുന്നതുമായി പരാതിയുണ്ട്. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന ആശയവുമായിട്ടാണ് കോൺഗ്രസ് ഹാഥ് സെ ഹാഥ് ജോഡോ ജാഥയ്ക്ക് തുടക്കം കുറിച്ചതെങ്കിലും പത്തനംതിട്ടയിൽ ജാഥ കോൺഗ്രസിനെ തന്നെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് തുടക്കത്തിൽ കാണാൻ സാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here