ജഗതിയുടെ ടൈമിങ് ഇല്ല; തുടക്ക കാലത്ത് സിനിമാ ലോകത്തു നിന്നും ഉണ്ടായ കണ്ണീര്‍ അനുഭവം പങ്കിട്ട് നടന്‍ സലീംകുമാര്‍

ടൈമിങ് പോരാ, തുടക്ക കാലത്ത് സിബിമലയില്‍ സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സലീംകുമാര്‍. ഭരത്‌ഗോപി പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ അദ്ദേഹമെഴുതിയ ഒരു കുറിപ്പിലാണ് സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിട്ട പൊള്ളുന്നൊരനുഭവം സലീംകുമാര്‍ വെളിപ്പെടുത്തിയത്. ഈ കഥ അറിയുന്നതിനായി നിങ്ങളെല്ലാവരുമായി ഞാന്‍ കുറച്ച് പുറകോട്ട് നടക്കുകയാണ്. -സലീംകുമാര്‍ പറഞ്ഞു. സിനിമയിലെത്തി കുറച്ചുകാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴിലായോ, അതില്‍ നിന്നു കിട്ടുന്ന കാശ് ഒരു സ്ഥിര വരുമാനമായോ താന്‍ കണ്ടിരുന്നില്ല. ഇഷ്ടമാണ് നൂറുവട്ടം, മേരാനാംജോക്കര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഞാന്‍ നന്ദുപൊതുവാള്‍, ജോര്‍ജ് ഏലൂര്‍, സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചിന്‍ യൂണിവേഴ്‌സല്‍ എന്ന പേരിലുള്ള ഞങ്ങളുടെ ട്രൂപ്പില്‍ മിമിക്രി അവതരിപ്പിച്ചു വരുകയാണ്. അന്ന് വീട്ടില്‍ ഫോണ്‍ ഇല്ല. എന്റെ കോണ്ടാക്ട് നമ്പര്‍, ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.

ALSO READ: ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

ഒരു ദിവസം അവിടെ എനിക്കൊരു കോള്‍ വന്നു. കോട്ടയത്ത് സിബി മലയിലിന്റെ ‘്‌നീ വരുവോളം’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിത്തു പനക്കല്‍ ആയിരുന്നു വിളിച്ചത്. സിനിമയില്‍ എനിക്കൊരു വേഷമുണ്ടെന്നും കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് വിളിക്കുന്നതെന്നും ഉടന്‍ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം പറഞ്ഞു. സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തില്‍ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് ഭാഗ്യമായി ഞാന്‍ കരുതി. ഒട്ടും താമസിച്ചില്ല. അടുത്ത ദിവസം തന്നെ ഞാന്‍ കോട്ടയത്തേക്ക് തിരിച്ചു. കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റ്്‌സും പൊതിഞ്ഞെടുത്ത് ഞാന്‍ നേരെ സെറ്റിലെത്തി. ഒരു പാരലല്‍ കോളേജിലെ പ്യൂണിന്റെ വേഷമാണ്. സിബി സര്‍ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റില്‍ ഞാന്‍ മുന്‍പ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കറിയാച്ചന്‍(നടന്‍ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താല്‍പര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്.

ALSO READ: താക്കോലുമായി രണ്ടുവയസുകാരൻ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സെത്തി, ഒടുവിൽ ആരവും ഹാപ്പി, വീട്ടുകാരും ഹാപ്പി

ഏതാണ്ട് 11ഓളം സീനുകള്‍ ആയിരുന്നു ആ സിനിമയില്‍ എനിക്ക്് ഉണ്ടായിരുന്നത്. അതില്‍ 9 സീനുകള്‍ ചിത്രീകരിച്ചു. അടുത്തത് ജഗതി ചേട്ടനും തിലകന്‍ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. എനിക്കാ സീന്‍ പറഞ്ഞു തന്നു. ഞാന്‍ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു. പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല. സംവിധായകന്‍ കട്ട് പറയുന്നു. ജഗതി ചേട്ടന്റെയും തിലകന്‍ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്. അന്ന് രാത്രി ഞാന്‍ ലോഡ്ജില്‍ തങ്ങി. പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസ്റ്റന്റ് ആയ പ്രഭാകരന്‍ എന്റെ മുറിയില്‍ വന്ന് എന്നോട് പറഞ്ഞു..’തിലകന്‍ ചേട്ടന്‍ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ ഇനി ഞങ്ങള്‍ അറിയിക്കാം..അപ്പോള്‍ വന്നാല്‍ മതി’. ഞാന്‍ അത് വിശ്വസിച്ചു.
സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ. പ്രഭാകരന്‍ എന്നെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടിറക്കി. പോകാനുള്ള ടിക്കറ്റ് അദ്ദേഹം തരുന്നതും കാത്ത് ഞാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു. മണിക്കൂര്‍ ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു. പ്രഭാകരനെ കാണുന്നില്ല. കയ്യിലാണെങ്കില്‍ പത്ത് പൈസ പോലുമില്ല. ഷൂട്ടിങ്ങിന് വന്നത് തന്നെ കടം വാങ്ങിയ കാശുമായിട്ടാണ്. ട്രെയിന്‍ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു. ആരും വന്നില്ല. ഒടുവില്‍ പ്ലാറ്റ്‌ഫോമില്‍ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ കടം ചോദിച്ചു. നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ എന്റെ തോളില്‍ തട്ടി പറഞ്ഞു. ‘എടോ,തന്നെ ഞാന്‍ അറിയും..തന്റെ ടിവി പ്രോഗ്രാമുകള്‍ ഞാന്‍ കാണാറുണ്ട്. താന്‍ കാശൊന്നും അയച്ചു തരണ്ട. തന്നെ സഹായിക്കാന്‍ സാധിച്ചുവെന്നതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. ഇത്രയും പറഞ്ഞ് ആ മനുഷ്യന്‍ എനിക്ക് 20 രൂപ എടുത്തുതന്നു.

ALSO READ: എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു

ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് ഞാന്‍ ട്രെയിനില്‍ കയറി. സത്യത്തില്‍ വണ്ടി മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. വീട്ടിലെത്തിയിട്ടും ഞാന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്റെ തലവിധിയായിരിക്കും എന്ന് കരുതി സ്വയം സമാധാനിച്ചു.പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് ആ ചിത്രത്തില്‍ നിന്ന് എന്നെ മാറ്റിയെന്ന്. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്, എന്നോട് പറഞ്ഞത് ആ വേഷം എനിക്ക് പകരം ഇന്ദ്രന്‍സ് അവതരിപ്പിച്ചെന്ന്. എന്റെ സുഹൃത്തായ ദിലീപ് പോലും എന്നെ മാറ്റിയ കാര്യം എന്നോട് പറഞ്ഞില്ല. സിനിമയില്‍ സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി. കാലം കുറേ കഴിഞ്ഞു. ഞാന്‍ തിരക്കുള്ള നടനായി. ഒരു ദിവസം കറിയാച്ചന്‍ (പ്രേം പ്രകാശ്) ചേട്ടന്റെ ഫോണ്‍ എനിക്ക് വന്നു. രണ്ട് ദിവസത്തേക്ക് എന്റെ ഡേറ്റ് വേണം.
സിബി മലയില്‍ സര്‍ ആണ് സംവിധാനം. സിനിമയുടെ പേര് ‘എന്റെ വീട് അപ്പൂന്റേം’. ഒരു നിമിഷം ഞാന്‍ ദൈവത്തെ ഓര്‍ത്തു, ഒപ്പം കോട്ടയം റെയില്‍വേ സ്റ്റേഷനെയും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇപ്പോള്‍ എന്തായാലും എനിക്ക് ഡേറ്റ് ഇല്ല. ഞാന്‍ അഭിനയിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴം, തിളക്കം എന്നീ സിനിമകളുടെ ഷൂട്ട് ഒരേ സമയം നടക്കുകയാണ്. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താല്‍ ഡേറ്റ് തരാം. കറിയാച്ചന്‍ ചേട്ടന്‍ വീണ്ടും റിക്വസ്റ്റ് ചെയ്തു. ഞാന്‍ അപ്പോള്‍ അന്ന് വാങ്ങുന്നതിന്റെ ഇരട്ടി പ്രതിഫലം ആവശ്യപ്പെട്ടു. അദ്ദേഹം അതും സമ്മതിച്ചു.

ALSO READ: ‘രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല’: എ എ റഹിം എം പി

ആലുവയായിരുന്നു ലൊക്കേഷന്‍. ഞാന്‍ ചെന്നിറങ്ങുമ്പോള്‍ യൂണിറ്റിലുള്ള ആളുകള്‍ ഓരോരുത്തരും വന്നു എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. എനിക്ക് സത്യത്തില്‍ കാര്യം മനസ്സിലായില്ല. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു, ‘സാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും സാറിനെ പറഞ്ഞു വിടുമ്പോള്‍ ഞങ്ങള്‍ തന്നെയായിരുന്നു യൂണിറ്റ്. ഇന്നിപ്പോള്‍ രണ്ട് ദിവസമായി സെറ്റ് മുഴുവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇപ്പോഴും ഞങ്ങള്‍ തന്നെയാണ് യൂണിറ്റ്’. എന്റെ കണ്ണു നിറഞ്ഞു പോയി. ഞാന്‍ അവരോട് പറഞ്ഞു, ‘അന്ന് എന്റെ മോശം സമയമായിരുന്നു.. ഇന്ന് നല്ല സമയവും.. മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും, സമയം നന്നാകുമ്പോള്‍ അഭിനയം നന്നാകും..എല്ലാതും നന്നാകും..’
ആ സിനിമയില്‍ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞ് ‘അച്ഛനുറങ്ങാത്ത വീട്്’ എന്ന സിനിമയിലെ അഭിനയത്തിന് സിബി സാര്‍ ചെയര്‍മാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. അവാര്‍ഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറില്‍ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അഭിനയിക്കാന്‍ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ 7 മണിക്കൂറുകളോളം ട്രെയിന്‍ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാര്‍ എന്ന സാധുമനുഷ്യന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News