ഇനി സര്‍ക്കാരിന്‍റെ സ്നേഹത്തണലില്‍; ലൈഫ് ഭവന സമുച്ചയം കൈമാറി

സംസ്ഥാനത്തെ ഭൂരഹിത- ഭവനരഹിതരായ 174 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കരുതലില്‍ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍ നിര്‍മ്മിച്ച  ഭവനസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. രാവിലെ 10.30ന് കണ്ണൂര്‍ കടമ്പൂരില്‍ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. മന്ത്രി എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷനായി.

കൊല്ലം പുനലൂരില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറും. കോട്ടയം വിജയപുരത്ത് മന്ത്രി വി എന്‍ വാസവനും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറും. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോട് അനുബന്ധിച്ച് നൂറുദിന പരിപാടിയിലാണ് ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തീകരിച്ചത്.

സ്വീകരണ മുറി, രണ്ട് കിടപ്പ് മുറികള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്ലാറ്റുകള്‍. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാറ്റുകള്‍ 44 കുടുംബങ്ങള്‍ക്ക് കൈമാറുമ്പോള്‍ ലൈഫ് മിഷന്‍ കുറിക്കുന്നത് മറ്റൊരു ചരിത്ര നേട്ടം.

കണ്ണൂര്‍ കടമ്പൂരില്‍ മാത്രം 44 കുടുംബങ്ങളാണ്  സര്‍ക്കാരിന്റെ സ്നേഹത്തണലിലേക്ക് മാറിയത്. ലൈഫ് പദ്ധതി വഴി അത്യാധുനിക സൗകര്യങ്ങളുള്ള ഭവന സമുച്ചയമാണ് വീടില്ലാത്ത കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. സംസ്ഥാനത്തെ ആദ്യ പ്രീ-ഫാബ് ഭവന സമുച്ചയം കൈമാറുമ്പോള്‍ ലൈഫ് മിഷന് അത് അഭിമാനമുഹൂര്‍ത്തം കൂടിയാണ്.

തലചായ്ക്കാനൊരിടം സ്വപ്നം മാത്രമായി കണ്ടിരുന്നു 44 കുടുബങ്ങള്‍. ഒരു തുണ്ടു ഭൂമിയോ സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തമായി പാര്‍പ്പിടമോ ഇല്ലാതിരുന്നവര്‍. അവരുടെ കണ്ണുകളില്‍ ഇന്ന് പ്രതീക്ഷയുടെ തിളക്കമുണ്ട്. നാളെ മുതല്‍ സ്വന്തം വീട്ടില്‍ അഭിമാനത്തോടെ അന്തിയുറങ്ങാമെന്നതിന്റെ അതിയായ സന്തോഷമുണ്ട്.

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് കടമ്പൂരിലെ 75 സെന്റ് ഭൂമിയില്‍ ലൈഫ് ഭവന സമുച്ചയം നിര്‍മ്മിച്ചത്. പ്രീ ഫാബ് നിര്‍മ്മാണരീതി വഴി പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ഭവന സമുച്ചയം കൂടിയാണിത്. ഭവന സമുച്ചയത്തിനായി ആദ്യം സ്ഥലം കൈമാറാന്‍ സന്നദ്ധതയറിയിച്ച കേരളത്തിലെ ഏഴ് പഞ്ചായത്തുകളില്‍ ഒന്നാണ് കടമ്പൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News