
കെഎസ്യു മഹാരാജാസ് കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റിനെ ജില്ലാ പ്രസിഡന്റ് ആക്രമിച്ച സംഭവത്തിൻ കെ എസ് യുവിൽ കൂട്ട നടപടി. ആക്രമണം നടത്തിയ നേതാക്കൾക്കും ആക്രമണത്തിന് ഇരയായ നേതാവിനും സസ്പെൻഷൻ. നേതാക്കൾ തമ്മിലുള്ള ആഭ്യന്തര സംഘർഷം സ്ഥിരീകരിക്കുന്നതു കൂടിയാണ് സംഘടനാ നടപടി.
കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ, ജില്ലാ ഭാരവാഹികളായ അമർ നിഷാൽ, സഫ്‌വാൻ , കെവിൻ എന്നിവർക്കാണ് സസ്പെൻഷൻ. മഹാരാജാസ് കോളേജിലെ കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് നിയാസിനെ എറണാകുളം ജില്ലാ പ്രസിഡൻ്റും സംഘവും ചേർന്ന് മർദ്ദിച്ച സംഭവത്തിൻ്റെ തുടർച്ചയാണ് നടപടി.
Also read: ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്
മർദ്ദനമേറ്റ മുഹമ്മദ് നിയാസിനെയും സസ്പെൻ്റ് ചെയ്തിട്ടുണ്ട്. നിയാസിൻ്റെ പരാതിയുടെ തുടർച്ചയായി സംഘടന ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ വച്ചിരുന്നു. കമ്മിറ്റിയുമായി സഹകരിക്കാത്തതിനാണ് കൃഷ്ണ ലാലിനും സംഘത്തിനും എതിരെയുള്ള നടപടി. മഹാരാജാസ് കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരാതി ചമച്ചു എന്നാണ് നിയാസിനെതിരായ കുറ്റം. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ തർക്കത്തിൻ്റെ തുടർച്ചയായി കൃഷ്ണലാലും സംഘവും തന്നെ മർദ്ദിച്ചതായി നിയാസ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പരാതി നൽകിയിരുന്നു.
പരാതിയുടെ പകർപ്പ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, കെ പി സി സി സംഘടനാ സെക്രട്ടറി എം ലിജു, ഡിസിസി പ്രസിഡൻ്റ് ഷിയാസ് എന്നിവർക്കും എൻഎസ്‌യു ദേശീയ അധ്യക്ഷനും കൈമാറിയിരുന്നു. സംഭവം വിവാദമായതോടെയാണ് കോൺഗ്രസ് നേതൃത്വം ആഭ്യന്തര അന്വേഷണ കമ്മറ്റിയെ നിയോഗിച്ചത്. നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഘടനാ നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here