
നടനും സംവിധായകനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. എമ്പുരാൻ വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചും വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൃഥ്വിരാജ് സഹകരിച്ച മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിക്കൊണ്ട് ആദായ നികുതി വകുപ്പ് ഇമെയില്‍ ആയി നോട്ടീസ് നല്‍കിയത് മാര്‍ച്ച് 29 നാണ്. അതായത് എമ്പുരാന്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം നാളാണ് ചിത്രത്തിന്‍റെ സംവിധായകനായ പൃഥ്വിരാജിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരിക്കുന്നത്.
ALSO READ; ‘വഖഫ് ബില്ലിന്‍റെ പേരിൽ ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുന്നു’: മന്ത്രി വി അബ്ദുറഹ്മാൻ
മൂന്നു വര്‍ഷം മുന്‍പ് പൃഥ്വിരാജ് അഭിനയിക്കുകയും നിര്‍മ്മാണത്തിൽ പങ്കാളിയാവുകയുമൊക്കെ ചെയ്ത ചിത്രങ്ങളിലെ വരുമാനം സംബന്ധിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുവേണ്ടിയാണ് നോട്ടീസയച്ചതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. ഈ മാസം 29നകം ഇക്കാര്യങ്ങളില്‍ മറുപടി നല്‍കണമെന്നാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്ന നോട്ടീസിലെ നിര്‍ദേശം. അഭിനേതാവെന്ന നിലയില്‍ പ്രതിഫലം കൈപ്പറ്റാതിരുന്ന പൃഥ്വിരാജ് സഹനിര്‍മ്മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ വാങ്ങിയെന്നൊക്കെയാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ഇതു സംബന്ധിച്ച് മൂന്നുവര്‍ഷം മുന്‍പ്തന്നെ പൃഥ്വിരാജില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. മാര്‍ച്ചില്‍ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നാണ് ആദായ നികുതി വകുപ്പധികൃതരുടെ ഭാഷ്യം. എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ചിത്രത്തിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റി റീ എഡിറ്റും ചെയ്യേണ്ടിവന്നിരുന്നു.
ALSO READ; വഖഫ് ബില്ലിൽ ഭിന്നത: ജെഡിയുവിൽ രാജി തുടരുന്നു; പാർട്ടി യുവജന വിഭാഗം വൈസ് പ്രസിഡന്‍റ് രാജി വച്ചു
കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘപരിവാറിനെ അലോസരപ്പെടുത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോടും സംവിധായകനോടുമുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കേന്ദ്ര ഏജന്‍സികളുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
അതേസമയം, എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെ ഗോകുലം ഗോപാലൻ ചെന്നൈയിലെത്തുകയായിരുന്നു. കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ചെന്നൈയിലെ ധനകാര്യ സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡ്, കേന്ദ്ര സർക്കാരിൻ്റെ പകപോകലാണെന്നാണ് ഉയരുന്ന രാഷ്ട്രീയ വിമർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here