
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്‌സിഡി തുകയിൽ ചരിത്രപരമായ വർദ്ധനവ് വരുത്തിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിലവിൽ ലിറ്ററിന് 25 രൂപയായിരുന്ന സബ്‌സിഡി തുക 50 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ കൂടി പരിഗണിച്ചാണ് ഈ നടപടി.
പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ധനവിലയിൽ പ്രത്യേക നികുതിയിളവോ സബ്‌സിഡിയോ നൽകി സഹായിക്കണമെന്ന കമ്മീഷൻ ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഫിഷ് ലാൻഡിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ മണ്ണെണ്ണ ബങ്കുകൾ സ്ഥാപിക്കാനും തൊഴിലാളികൾക്ക് ആവശ്യമായ ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Also read : കേരളത്തിലെ പാചകവാതക പ്രതിസന്ധി; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ആധുനിക മത്സ്യബന്ധന രീതികളിലേക്ക് മാറുന്നതിനൊപ്പം തന്നെ പരമ്പരാഗത മേഖലയെ സംരക്ഷിക്കാനും തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

