ഫാസിസ്റ്റ് രാജ്യമായി ഇന്ത്യ മാറുന്നു; രാജ്യത്തിൻറെ ബഹുസ്വരത കടുത്ത ഭീഷണിയിൽ: അഡ്വ. കെ എസ് അരുൺകുമാർ

ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ അടിവേരുകൾ ബഹുസ്വരതയിൽ ആഴ്ന്നിറങ്ങി നിൽക്കുന്നതാണെന്നും അതിനെ ഇല്ലാതാക്കി ഒരു മത രാഷ്ട്രം എന്ന മുദ്രാവാക്യത്തിലേക്ക് ഈ രാജ്യത്തെ അടിച്ചമർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇടപെടലുകൾ ദിവസേന കണ്ടു കൊണ്ടിരിക്കുകയാണെന്നും അഡ്വ. കെ. എസ്.അരുൺകുമാർ പറഞ്ഞു. ജനശക്തി ആർട്സ്-കല്യാൺ വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ഭരണഘടന വലിയ പ്രതിസന്ധിയിലാണെന്നും പൗരത്വത്തിന്റെ മാനദണ്ഡം മതമായി മാറുന്നത് കണ്ടേണ്ടി വരുന്നത് ആശങ്ക ഉയർത്തുന്നതാണെന്നും അരുൺകുമാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സംവിധാനത്തെ വരെ അട്ടിമറിച്ച് സേച്ഛാധിപത്യ രാജ്യമായി മാറ്റുവാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഭരണകൂടം തുടരുന്നതെന്നും അഡ്വ. അരുൺകുമാർ മുന്നറിയിപ്പ് നൽകി.

ALSO READ: മാറ്റമില്ലാതെ സ്വര്‍ണവില; 46,000ത്തിനു മുകളില്‍ തന്നെ

ഒരു ഹിന്ദുത്വ അജണ്ടയോട് കൂടിയുള്ള ഫാസിസ്റ്റ് രാജ്യമായി ഇന്ത്യ പടിപടിയായി മാറി കൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഇത്തരത്തിലുള്ള ഒത്തു ചേരലുകളും സംഘം ചേരലുകളുമെല്ലാം സാധിക്കുമോ എന്ന വലിയ ചോദ്യമാണ് നമ്മുടെ മുന്നിലുള്ളതെന്നും അഡ്വ. കെ. എസ്.അരുൺകുമാർ ആശങ്ക പങ്ക് വച്ചു.

മഹാനഗരത്തിൽ ഒരു കൂട്ടായ്മ വളർത്തിയെടുക്കുകയും കേരളത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഉന്നമനത്തിനായി സംഭാവനകൾ നൽകുകയും വളരെ ശ്രദ്ധാലുക്കളായി ജന്മനാടിനെ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വലിയൊരു സമൂഹം തന്നെ മറുനാടുകളിൽ ഉണ്ടെന്നും, കേരളത്തിനെ ലോകത്തിന് മാതൃകയായി വളരുവാൻ പ്രചോദനവും കരുത്തും പകർന്ന് നൽകുന്നതിൽ മറുനാടൻ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും അരുൺകുമാർ വ്യക്തമാക്കി.

ALSO READ: അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പി ആർ കൃഷ്ണന് സഖാവ് വി സി കോരൻ മെമ്മോറിയൽ പുരസ്‌കാരം നൽകി ആദരിച്ചു. നഗരത്തിലെ റെയിൽവേ തൊഴിലാളികളുടെ ക്ഷേമത്തിനായി നിരന്തരം പോരാടിയിരുന്ന സഖാവ് കോരനോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്ക് വച്ച പി ആർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം പങ്ക് വച്ചു.

ചടങ്ങിൽ ലോക കേരള സഭാംഗം ടി എൻ ഹരിഹരൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ പോൾ പറപ്പിള്ളി, ക്രിസ്റ്റി ക്ലാസ്സെസ് പ്രിൻസിപ്പാൾ ക്രിസ്റ്റഫർ, സെന്റ് പീറ്റേഴ്സ് അക്കാദമി പ്രിൻസിപ്പാൾ സാം ചെറിയാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

മതേതര പക്ഷത്ത് നിൽക്കുന്ന മലയാളി സമാജങ്ങളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒപ്പം പുരോഗമന പക്ഷത്ത് നിൽക്കുന്ന കല്യാൺ ജനശക്തി പോലുള്ള സംഘടനകൾ തങ്ങളുടെ പ്രവർത്തന പന്ഥാവിൽ ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് കൂടിയായ ടി എൻ ഹരിഹരൻ പറഞ്ഞു. സമാജങ്ങളുടെ മുഖ്യധാരയിലേക്ക് യുവ തലമുറ കടന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ഐഎഎസ്, ഐപിഎസ്, ഐആർഎസ് തസ്‌തികളിലേക്ക് ഇത് വരെ മലയാളികൾ കടന്നു വരുന്നതായി കണ്ടിട്ടില്ലെന്നും എന്നാൽ ഈ രംഗത്ത് ശോഭിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയുമെന്നും മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ പോൾ പറപ്പിള്ളി വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മലയാളികളുടെ സേവനം അനിവാര്യമായ മേഖലകളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും പറപ്പിള്ളി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങൾ നുണ പ്രചരണങ്ങളുടെ കേന്ദ്രമായി മാറുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്ക് വച്ചു.

ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം ( ഭോപ്പാൽ ) ദേശീയതലത്തിൽ നടത്തിയ സാഹിത്യമത്സരത്തിൽ കഥാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാട്ടൂർ മുരളിയെ അനുമോദിച്ചു. കല്യാൺ ജനശക്തി പ്രസിഡന്റ് പി ആർ മേനോൻ, സെക്രട്ടറി പി ആർ മധു, സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News