മാധ്യമ സ്വാതന്ത്ര്യസൂചികയിൽ നാണംകെട്ട് ഇന്ത്യ

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യ. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം നൂറ്റിയമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങളാണ് താഴേക്ക് ഇറങ്ങിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യ പിന്നോട്ട് പോയിരിക്കുന്നത്.

മാധ്യമപ്രവർത്തകരുടെ അവസ്ഥ ഏറ്റവും ഗുരുതരമായ 31 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. മാധ്യമവേട്ടയും എൻഡിടിവി ഏറ്റെടുക്കലും ആർഎസ്എഫ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. രാഷ്ട്രീയ, സുരക്ഷാ സൂചകങ്ങളാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം.

നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ പത്രസ്വാതന്ത്ര്യത്തിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തി. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യയേക്കാൾ ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞ വർഷം 157-ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ 150-ാം സ്ഥാനത്താണ്. ശ്രീലങ്കയും സൂചികയിൽ കാര്യമായ പുരോഗതി കൈവരിച്ചു. 2022-ലെ 146-ൽ നിന്ന് ഈ വർഷം 135 -ാം സ്ഥാനത്തെത്താൻ ശ്രീലങ്കക്ക് കഴിഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര എൻജിഒയാണ് ആർഎസ്എഫ്. പാരീസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയുണ്ട്. എല്ലാ വർഷവും പുറത്തിറക്കുന്ന മാധ്യമ സ്വാതന്ത്ര്യസൂചികയിലൂടെ ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളിലെ പത്രപ്രവർത്തകരുടേയും മാധ്യമങ്ങളുടേയും സ്വാതന്ത്ര്യത്തിന്റെ നിലവാരം താരതമ്യം ചെയ്യുക എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News