ഇന്ത്യ ടുഡേ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേ; കേരളം ഒന്നാമത്

ഇന്ത്യ ടുഡേ ചാനൽ ആദ്യമായി നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (GDB) സർവേയിൽ കേരളം ഒന്നാമത്. 21 സംസ്ഥാനങ്ങളെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വിലയിരുത്തി ഇന്ത്യാടുഡേ നടത്തിയ സർവ്വേയിൽ പൊതു സുരക്ഷ, ലിംഗ മനോഭാവം, വൈവിധ്യം വിവേചനം തുടങ്ങിയ സാമൂഹിക സൂചകങ്ങളിലാണ് കേരളം ഒന്നാമതെത്തിയത്.

പൗരബോധവും പൗരന്മാരുടെ പെരുമാറ്റവും(civic behaviour) സുരക്ഷിതത്വവും (public safety) ലിംഗസമത്വവും(gender attitudes) നാനാത്വവും(diversity) ഉൾപ്പെടെയുള്ള പ്രധാന സാമൂഹിക സൂചികകളാണ് ഇന്ത്യ റ്റുഡേ പരിശോധിച്ചത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിലായുള്ളത്.

ALSO READ: ‘സ്വന്തം ജീവിതാനുഭവം നോക്കി വായിക്കുന്ന പ്രസിഡൻ്റ്’; രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ പങ്കുവച്ച് ബിനീഷ് കോടിയേരി

പൊതു സുരക്ഷ

ഒരു സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുന്ന ഘടകങ്ങളിൽ പ്രധാനമായ പൊതുജന സുരക്ഷയിലും കേരളം ഒന്നാമതാണ്. ഹിമാചൽ പ്രദേശും ഒഡീഷയുമാണ് തൊട്ടുപിന്നിലായുള്ളത്.ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്‌നാടും ഏറ്റവും മോശം പെരുമാറ്റമുള്ള സംസ്ഥാനം കർണാടക ആണെന്നും സർവേ വ്യക്തമാക്കുന്നു. കർണാടകയിൽ സർവ്വേയോട് പ്രതികരിച്ചവരിൽ 79 ശതമാനം പേരും അതിക്രമം ഒരു പതിവ് പ്രശ്‌നമാണെന്ന് പറയുന്നു.

സിവിക് ബിഹേവിയർ

ഇന്ത്യാ ടുഡേയുടെ ഗ്രോസ് ഡൊമസ്റ്റിക്ക് ബിഹേവിയർ സർവ്വേയിൽ കേരളം അൽപം പുറകിൽ വരുന്ന ഏക സൂചികയാണ് സിവിക് ബിഹേവിയർ.ഈ പട്ടികയിൽ തമിഴ്നാട് ആണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ബംഗാൾ, ഒഡീഷ, എൻസിടി ഓഫ് ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് യഥാക്രമം അഞ്ച് സ്ഥാനങ്ങളിൽ വരുന്നത്.

വൈവിധ്യവും വിവേചനവും

മതസൗഹാർദത്തിന് പ്രശസ്തമാണ് കേരളം. മതപരവും ജാതിപരവുമായ വിവേചനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഇന്നും ഒരു പ്രധാന പ്രശ്നം ആകുമ്പോൾ കേരളം രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്.തങ്ങളുടെ പ്രദേശത്തെ മതപരമായ വൈവിധ്യം, ജോലി നിയമനത്തിലെ മതപരമായ വിവേചനം, മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കാനുള്ള തൊഴിലുടമയുടെ അവകാശം എന്നീ കാര്യങ്ങളെ കേരളം ഏറ്റവും എതിർക്കുന്നു എന്ന് ഇന്ത്യാ ടുഡേയുടെ സർവ്വെ കാണിക്കുന്നു. ഈ പട്ടികയിൽ മധ്യപ്രദേശ് ആണ് ഏറ്റവും താഴെയായി വരുന്നത്. ഇന്ത്യയിലെമ്പാടും മിശ്രവിവാഹം, മിശ്രജാതി വിവാഹങ്ങൾ എന്നിവയെ ശക്തമായി എതിർക്കുന്നു എന്നും സർവ്വെ വ്യക്തമാക്കുന്നു.

ലിംഗ മനോഭാവം

സർവ്വേയിൽ കേരളം ഒന്നാമതെത്തിയ സൂചികകളിൽ ഒന്നാണ് ലിംഗ മനോഭാവം. പട്ടികയിൽ കേരളം ഒന്നാമത് എത്തിയപ്പോൾ ഉത്തർപ്രദേശ് ആണ് ഏറ്റവും അവസാനമായി വരുന്നത്.ഉത്തരാഖണ്ഡ്, തമിഴ്നാട്,ഹിമാചൽ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം, സ്വന്തം സംസ്ഥാനത്തിന് പുറത്തുപോയി ജോലി ചെയ്യുക എന്നീ കാര്യങ്ങളിലാണ് സർവ്വെ നടത്തിയത്.

മെത്തഡോളജി

ഹൗ ഇന്ത്യ ലിവ്സ് (HIL), കാഡൻസ് ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ച് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളിൽ നിന്നുള്ള 9,188 ആളുകളാണ് സർവേയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ 54.4 ശതമാനം പേർ നഗര പ്രദേശങ്ങളിൽ നിന്നുള്ളവരും 45.6 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്.

ഫേസ്ബുക്ക് പോസ്റ്റ് വഴി മന്ത്രി പി രാജീവ് ഈ കാര്യം അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളം ഒന്നാമത്.
ഇന്ത്യ ടുഡേ ചാനൽ ആദ്യമായി നടത്തിയ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (GDB) സർവേയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് സന്തോഷം നൽകുന്ന കാര്യമാണ്. 21 സംസ്ഥാനങ്ങളെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പൗരബോധവും പൗരന്മാരുടെ പെരുമാറ്റവും(civic behaviour) സുരക്ഷിതത്വവും (public safety) ലിംഗസമത്വവും(gender attitudes) നാനാത്വവും(diversity) ഉൾപ്പെടെയുള്ള പ്രധാന സാമൂഹിക സൂചികകളാണ് ഇന്ത്യ റ്റുഡേ പരിശോധിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ചോദ്യങ്ങൾക്ക് കേരളത്തിലെ സമൂഹം പ്രതികരിച്ചിരിക്കുന്ന രീതി ആശാവഹവും പ്രതീക്ഷയുണർത്തുന്നതുമാണ്. ബഹുഭൂരിപക്ഷം മേഖലയിലും ഒന്നാം സ്ഥാനം തന്നെ നേടാൻ നമുക്ക് സാധിച്ചു. കേവലമായൊരു സ്ഥാനമായി മാത്രമല്ല ഞങ്ങൾ ഈ പട്ടികയെ കാണുന്നത്. സമൂഹമെന്ന നിലയിൽ കേരളത്തിൻ്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന ഒരു കാര്യം കൂടിയാണിത്.
സമീപകാലത്തായി കേരളത്തെക്കുറിച്ച് ലഭിക്കുന്ന എല്ലാ മറുപടികളും സമാനമായ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. പ്രശസ്തരായ ആളുകൾ, ടൂറിസ്റ്റുകൾ, നിക്ഷേപകർ, മുതിർന്ന ഉദ്യോഗസ്ഥർ എല്ലാവരും കേരളത്തെക്കുറിച്ച് നല്ല വാക്കുകളാണ് സംസാരിക്കുന്നത്. കേരളത്തിലെ ആളുകളും കേരളമാകെയും മാനവ വികാസ മേഖലയിലും സാമൂഹിക മേഖലയിലും പുലർത്തുന്ന ഉയർന്ന മൂല്യബോധവും മതേതരത്വത്തിലും മാനവികതയിലുമൂന്നിയ സ്നേഹോഷ്മളതയും നമ്മുടെ നേട്ടത്തിന് സഹായകമായി. സാമ്പത്തിക വളർച്ചയ്ക്കായുള്ള ശ്രമങ്ങൾക്കൊപ്പം ജനങ്ങളുടെ ക്ഷേമത്തിലും സമൂഹത്തിൻ്റെ സുരക്ഷയിലും കൈക്കൊള്ളുന്ന സർക്കാർ നടപടികൾക്കുള്ള അംഗീകാരം കൂടിയാണീ പട്ടികയിലെ ഒന്നാം സ്ഥാനം. കേരളമാണ് മാതൃക എന്ന നമ്മുടെ മുദ്രാവാക്യം ഒന്നുകൂടെ ഉയരത്തിലെത്തിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. ഇനിയും മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News