ഐ.പി.എല്‍ കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍; എത്തിയത് ദേശീയ ടീം സെലക്ടര്‍ക്കൊപ്പം

Gautam Gambhir

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റശേഷം ഐ.പി.എല്‍ വേദികളില്‍നിന്ന് ഭൂരിഭാഗം സമയവും വിട്ടുനില്‍ക്കുകയാണ് ഗൗതം ഗംഭീര്‍. പരിശീലകനായശേഷം വളരെ അപൂര്‍വമായി മാത്രമാണ് ഗംഭീര്‍ ഐ.പി.എല്‍ മത്സരം കാണാനെത്താറുള്ളത്. എത്തുമ്പോഴെല്ലാം ക്യാമറ കണ്ണുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പതിയുകയും പതിവാണ്. ഇപ്പോഴിതാ വെള്ളിയാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം കാണാനാണ് ഗംഭീര്‍ എത്തിയത്.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും മെന്ററുമാണ് ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ട്ീം ദേശീയ സെലക്ടര്‍ ആര്‍.പി. സിങ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്‌ള എന്നിവര്‍ക്കൊപ്പമാണ് ഗംഭീര്‍ മത്സരം കാണാനെത്തിയത്. ഇരുവര്‍ക്കുമൊപ്പമിരുന്ന് ഗംഭീര്‍ മത്സരം കാണുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Also Read: ക‍ഴിഞ്ഞ സാമ്പത്തിക വർഷം പൊടിച്ചത് കോടികള്‍? ഏറ്റവും കൂടുതൽ വ്യക്തിഗത നികുതിയടച്ചയാളായി മാറി എം എസ് ധോണി


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു പുറമേ ഡല്‍ഹി ക്യാപിറ്റല്‍സുമായും ഗംഭീറിനു ബന്ധമുണ്ട്. ഗംഭീര്‍ തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയ ടീമാണ് ഡല്‍ഹി. കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ക്യാപ്റ്റനായത്. കൊല്‍ക്കത്തയ്ക്ക് രണ്ടുതവണ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍. 2024ല്‍ കൊല്‍ക്കത്ത ഐ.പി.എല്‍ കിരീടം നേടിയശേഷം ടീമിന്റെ മെന്ററായി ഗംഭീര്‍ തിരിച്ചെത്തുകയായിരുന്നു.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ അടുത്തുവരാനിരിക്കെ താരങ്ങളുടെ ഐ.പി.എല്‍ പ്രകടനങ്ങള്‍ നിര്‍ണായകമാകും. അതിനാല്‍ ദേശീയ സെലക്ടര്‍ക്കൊപ്പം ഗംഭീര്‍ എത്തിയതിനു ഏറെ പ്രാധാന്യമുണ്ടെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാരം. അതേസമയം മത്സരം കാണുന്നതിനിടെ ഗംഭീറും ആര്‍.പി. സിങ്ങും തമ്മില്‍ നടന്ന സംഭാഷണം ടീം സെലക്ഷനെപ്പറ്റിയാണോ എന്നത് സംബന്ധിച്ച് ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News