
ദീർഘദൂര യാത്രകളെ പലരും പ്രോത്സാഹിപ്പിക്കാറില്ല. അതിനുള്ള കാരണങ്ങളിൽ ഒന്ന് സമയനഷ്ടവും മറ്റൊന്ന് പണച്ചെലവും ആണ്. യാത്രകൾ സുഗമമാക്കാൻ ഉള്ള വഴികളിൽ ഒന്നാണ് അതിവേഗ ട്രെയിന്‍ (ബുള്ളറ്റ് ട്രെയിന്‍) സംവിധാനം. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ഇവ യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഡൽഹി ആസ്ഥാനമായുള്ള ഒരു സംരംഭകന്റെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. താൻ ഒറ്റദിവസംകൊണ്ട് 1600 കിലോമീറ്റർ സഞ്ചരിച്ചെന്നും രാത്രിയോടെ തിരികെ റൂമിലെത്തിയെന്നും സ്കൈവിക്കിന്റെ സഹസ്ഥാപകനായ ആകാശ് ബൻസൽ ആണ് വെളിപ്പെടുത്തിയത്. സംഭവം ഇവിടെയല്ല, അങ്ങ് ചൈനയിൽ നടന്നതാണ്.
താന്‍ ഒറ്റദിവസംകൊണ്ട് 1600 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും രാത്രിയോടെ തിരികെ റൂമിലെത്തിയെന്നും ആകാശ് ബന്‍സല്‍ പറയുന്നു. ചൈനയിലെ അതിവേഗ ട്രെയിനില്‍ 4.5 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കിയ 800 കിലോമീറ്റര്‍ യാത്രയ്ക്ക് 4000 രൂപ ഉള്‍പ്പെടെ, മുഴുവന്‍ യാത്രയ്ക്കും ആകെ 8000 രൂപ മാത്രമാണ് ചെലവായതെന്നും ആകാശ് പറയുന്നു. വേഗത മാത്രമല്ല, തടസ്സങ്ങളില്ലാത്ത യാത്രാനുഭവമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും അദ്ദേഹം കുറിച്ചു.യാത്രാ സൗകര്യങ്ങളിലെ ആധുനിക സംവിധാനങ്ങള്‍ കാരണം എട്ട് മണിക്കൂര്‍ യാത്രയും മൂന്ന് മണിക്കൂര്‍ മീറ്റിംഗും കഴിഞ്ഞ് തിരികെ എത്തിയ തനിക്ക് അല്‍പ്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ലെന്നും കുറിച്ച അദ്ദേഹം ചൈനയിലെ അതിവേഗ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സ്റ്റേഷനുകളെ കുറിച്ചും വിവരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്നും ഇതില്‍ നല്ലൊരു ശതമാനം സീറ്റുകളും മസാജ് ചെയറുകളാണെന്നും വെറും 100 രൂപ ചെലവില്‍ ഇവ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ചൈനീസ് റെയില്‍വേ സ്റ്റേഷനുകളുടെ വലിപ്പത്തെയും കാര്യക്ഷമതയെയും പ്രശംസിക്കുകയും ബോര്‍ഡിങ് പ്രക്രിയ എത്രത്തോളം സുഖമമായിരുന്നെന്നും അദ്ദേഹം കുറിച്ചു. ‘സ്റ്റേഷനുകള്‍ വളരെ വലുതാണ്. പുറപ്പെടുന്നതിന് 10 മിനിറ്റ് മുന്‍പ് മാത്രം പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചാല്‍ മതി. തിരിച്ചറിയല്‍ കാര്‍ഡോ പാസ്പോര്‍ട്ടോ സ്‌കാനറില്‍ സ്‌കാന്‍ ചെയ്താല്‍ മതി, വാതില്‍ തുറക്കും. നിങ്ങള്‍ നേരത്തെ എത്തുന്നു എന്ന് കരുതുക. കൗണ്ടറില്‍ പോയാല്‍ അവര്‍ നിങ്ങളുടെ ടിക്കറ്റ് നേരത്തെയുള്ള ട്രെയിനിലേക്ക് മാറ്റും എന്നും അദ്ദേഹം എഴുതി.
പോസ്റ്റ് ഒട്ടേറെ പ്രതികരണങ്ങൾക്ക് കാരണമായി മാറി. ചിലർ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ, മറ്റു ചിലർ തമാശയായി ചോദിച്ചത് എന്തുകൊണ്ട് ഓൺലൈനിൽ മീറ്റിങ്ങ് നടത്തിയില്ല എന്നാണ്. ‘ഗൂഗിൾ മീറ്റോ സൂം ആപ്പോ ഉപയോഗിക്കാമായിരുന്നില്ലേ?’ ഒരു ഉപയോക്താവ് തമാശയായി എഴുതി. അതൊരു ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മീറ്റിങ് ആയിരുന്നെന്നും ഓൺലൈനായി ഇത് സാധ്യമല്ലായിരുന്നെന്നും ബൻസൽ മറുപടി നൽകി.
“ചൈനയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇപ്പോഴും ലാഭനഷ്ടത്തിൽ നിന്ന് വളരെ അകലെയാണ്. ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ഇപ്പോഴും ആഡംബരമാണ്. ഇത് ഇന്ത്യയിൽ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പകരം കൂടുതൽ വിമാനത്താവള കണക്റ്റിവിറ്റി ഉണ്ടായിരിക്കണം,” എന്ന് ഒരു ഉപയോക്താവ് എഴുതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here