
യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തകർച്ച, മാർച്ച് പാദത്തിലെ സമ്മിശ്ര വരുമാനം എന്നിവയിൽ തട്ടി കാലുറക്കാതെ നിന്നിരുന്ന ഇന്ത്യൻ വിപണിക്ക് മുന്നേറ്റം. ഇന്നലെ 600 പോയിന്റിലധികം ഇടിഞ്ഞതിന് ശേഷം, 900 പോയിന്റിലധികം ഉയർന്ന് ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സ്. എൻഎസ്‌ഇ സൂചികയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി 24,900 ലെവൽ തിരിച്ചുപിടിച്ചു.
എഫ്എംസിജി, ഐടി മേഖലകളുടെ മുന്നേറ്റത്തിലാണു വിപണിയുടെ ഉയർച്ച കണ്ടത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നേട്ടത്തിലാണ്. കൊച്ചിൻ ഷിപ് യാർഡ് രണ്ടു ശതമാനത്തോളം ഉയർന്നു. ഇന്നലെ ഇരുപത് ശതമാനം വരെ ഉയർന്ന ജി ആർ എസ് സി ഇന്ന് 3% കയറിയതോടെ ഓഹരി റെക്കോർഡ് നിലവാരത്തിലായി. നാവിക സേനയുമായി 25000 കോടിയുടെ പ്രതിരോധ കരാറിന് ധാരണയായതോടെയാണ് കമ്പനിയുടെ ഓഹരി കുതിച്ചുയർന്നത്.
ALSO READ; സ്വർണ കുതിപ്പിന് അവസാനം ? ഇന്നത്തെ നിരക്ക് അറിയാം
വിപണിയുടെ നേട്ടത്തിന് പിന്നിലെ മറ്റൊരു ഘടകം യുഎസ് ഡോളറിന്‍റെ മൂല്യമിടിഞ്ഞതാണ്. ഈ ആഴ്ച ഡോളർ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഡോളർ ദുർബലമാകുന്നത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് കൂടുതൽ വിദേശ മൂലധന ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ അവസരത്തിൽ രൂപ നേട്ടത്തിലാണ്. ഡോളറിന് മൂന്നു പൈസ താഴ്ന്ന് 85.97 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 85.80 രൂപയായി താഴ്ന്നു.
ഐടി ഓഹരികളിൽ ഇൻഫോസിസ്, ടിസിഎസ്, കോഫോർജ്, വിപ്രോ, ഓറാക്കിൾ ഫിനാൻഷ്യൽ, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം, സെൻസെക്സ് 30 യിൽ നിന്ന് നെസ്‌ലെ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയെ ഒഴിവാക്കി പകരം ട്രെൻ്റിനെയും ഭാരത് ഇലക്ട്രോണിക്സിനെയും ഉൾപ്പെടുത്തും. ജൂൺ 20നാവും ഇത് നടപ്പിലാക്കുക എന്നാണ് റിപ്പോർട്ടുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here