
അടുത്ത് റെയിൽവേപാളമുള്ളയിടങ്ങളിൽ താമസിക്കുന്നവർക്ക് ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോൺ മുഴക്കലും പലപ്പോഴും അലാറം തന്നെയാണ്. പല ട്രെയിനുകളുടെയും പേരും അച് കടന്നപോകുന്ന സമയവുമെല്ലാം അവർക്ക് മനഃപാഠമായിരിക്കും. നിങ്ങൾ ഈ ട്രെയിനിന്റെ ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ ? ചിലപ്പോൾ ഉച്ചത്തിലുള്ള ഒറ്റ ഹോൺ, ചിലപ്പോൾ രണ്ട് ഹോൺ. ഇതൊന്നും വെറുതെയല്ല, ഇതിനൊക്കെ പിന്നിൽ ചില നിയമങ്ങളുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ‘ഹോൺ കോഡുകളെ’ക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഒന്ന് അറിഞ്ഞാലോ ?
‘ന്യൂമാറ്റിക് ഹോണുകൾ’ അല്ലെങ്കിൽ ‘എയർ ഹോണുകൾ’ എന്നാണ് ട്രെയിനുകളിലെ ഹോണുകളെ സാധാരണയായി വിളിക്കാറുള്ളത്. ഇത് സാധാരണ വാഹനങ്ങളിലെ ഹോണുകൾ പോലെയല്ല. എഞ്ചിനിലെ കംപ്രസർ നിർമ്മിക്കുന്ന ഉയർന്ന മർദത്തിലുള്ള വായൂ, ഹോണിനുള്ളിലെ പ്രത്യേക ഡയഫ്രത്തിലേക്ക് വേഗത്തിൽ കടത്തിവിട്ടാണ് ട്രെയിനിന്റെ ഈ ശബ്ദം ഉണ്ടാക്കുന്നത്. 95 ഡെസിബെൽ മുതൽ 112 ഡെസിബെൽ വരെയാണ് ഹോണുകളുടെ ശബ്ദത്തിന് തീവ്രതയുള്ളത്. ഏത് കാലാവസ്ഥയായാലും വളരെ ദൂരത്തിൽ ശബ്ദം എത്തിക്കാൻ ഈ ഹോണുകൾക്ക് കഴിയും.
ലോക്കോപൈലറ്റ് ട്രെയിനിൽ മുഴക്കുന്ന ഒരോ ഹോണിനും അർഥമുണ്ട്. റെയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും കൃത്യമായ സന്ദേശങ്ങളാണ് ഇതുവഴി നൽകുന്നത്.
ഒരു ഹോൺ: അടുത്ത യാത്രയ്ക്ക് തയ്യാറാകുന്നതിന് മുൻപ് ട്രെയിൻ അറ്റകുറ്റപണികൾക്കും വൃത്തിയാക്കലിനുമായി യാർഡിലേക്ക് കൊണ്ടുപോകുന്നു എന്ന സൂചന
രണ്ട് ചെറിയ ഹോണുകൾ: ട്രെയിൻ പുറപ്പെടാൻ തയ്യാറാണ് എന്ന് കാണിക്കാൻ
മൂന്ന് ചെറിയ ഹോണുകൾ: കാര്യങ്ങൾ അപകടകരമാണ് എന്ന സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയോ ബ്രേക്ക് തകരാറിലാവുകയോ ചെയ്തു, ഗാർഡ് ഉടൻതന്നെ ബ്രേക്ക് പ്രയോഗിക്കണമെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്.
നാല് ചെറിയ ഹോണുകൾ: ട്രെയിനിന്റെ സാങ്കേതിക തകരാറിനെ സൂചിപ്പിക്കുന്നു. ട്രെയിൻ നീങ്ങാൻ കഴിയാതെ വരികയാണെങ്കിൽ ആ വിവരം കൺട്രോൾ റൂമിനെയും ഗാർഡിനെയും അറിയിക്കാനുളള സന്ദേശം
ഒരു നീണ്ട ഹോണും ഒരു ചെറിയ ഹോണും: ട്രെയിൻ നീങ്ങാൻ തുടങ്ങുന്നതിനുമുമ്പ് ബ്രേക്ക് സിസ്റ്റം സജ്ജമാക്കാൻ ഗാർഡിനോട് ആവശ്യപ്പെടുന്നത്
രണ്ട് നീളമുള്ള ഹോണും രണ്ട് ചെറിയ ഹോണും: റെയിൽവേ ക്രോസിംഗുകൾക്ക് അടുത്തെത്തുമ്പോൾ റോഡ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ.
തുടർച്ചയായുള്ള ഹോൺ മുഴക്കൽ: ഈ സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ കടന്നുപോകും. എല്ലാവരും ട്രാക്കുകളിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുന്നത്.
രണ്ട് ഇടവേളകളിലുള്ള രണ്ട് ഹോണുകൾ: ലെവൽ ക്രോസിംഗ് മുന്നറിയിപ്പ്. ട്രെയിൻ ഒരു ക്രോസിംഗിലേക്ക് അടുക്കുകയാണെന്ന് സമീപത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ.
രണ്ട് നീണ്ട ഹോണുകളും ഒരു ചെറിയ ഹോണും: ട്രാക്കുകൾ മാറ്റുന്നു എന്നർത്ഥം.
രണ്ട് ചെറിയ ഹോണുകളും ഒരു നീണ്ട ഹോണും: ചെയിൻ വലിച്ചു അല്ലെങ്കിൽ ബ്രേക്ക് ഇട്ടു എന്നർത്ഥം.
ആറ് ചെറിയ ഹോണുകൾ: ഗുരുതരമായ അപകടം ആണെന്നാണ് ഇതിന് അർത്ഥം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

