നൈജീരിയയിൽ തടവിലായിരുന്ന മൂന്ന്‌ മലയാളികൾ ഇന്ന് നാട്ടിലെത്തും

നൈജീരിയയിൽ തടവിലായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ഇന്ന് നാട്ടിലെത്തും. കൊച്ചി മുളവുകാട് സ്വദേശി മില്‍ട്ടന്‍ ഡിക്കോത്ത,സുല്‍ത്താന്‍ബത്തേരി സ്വദേശി സനുജോസ്, കൊല്ലം സ്വദേശി വി വിജിത്ത് എന്നിവരാണ് ഇന്നുച്ചക്ക് നെടുമ്പാശ്ശേരിയിലെത്തുക. ഉറ്റവര്‍ക്കുവേണ്ടിയുള്ള ബന്ധുക്കളുടെ 10 മാസത്തെ കാത്തിരിപ്പിനാണ്‌ ഇതോടെ വിരാമമാകുന്നത്‌.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മലയാളി നാവികര്‍ ഉള്‍പ്പടുന്ന 26 അംഗ സംഘം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന്‌ വിമാനത്തില്‍ യാത്ര തിരിച്ചത്. കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ സുൽത്താൻ ബത്തേരി സ്വദേശി സനു ജോസ്‌, കൊല്ലം സ്വദേശി വി വിജിത് എന്നിവര്‍ ദുബായ് വഴിയാണ് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരിയിലെത്തുക.നൈജീരിയയില്‍ നിന്ന് മോചിതരായ നാവികര്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ കേപ്‌ടൗൺ തുറമുഖത്തെത്തിയത്‌.

അവിടെ കപ്പൽ ജീവനക്കാരെ ഹോട്ടലുകളിൽ താമസിപ്പിച്ച്‌ വൈദ്യപരിശോധന നടത്തിയിരുന്നു. ജീവനക്കാരെ മോചിപ്പിക്കാനുള്ള പിഴത്തുക കപ്പൽക്കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതോടെയാണ്‌ നടപടി വേഗത്തിലായത്‌. തുടർന്ന്‌ നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്‌സും ചേർന്ന്‌ നടത്തിയ ഇടപെടലുകൾ നടപടികൾക്ക്‌ വേഗംകൂട്ടി.

‘എംടി ഹീറോയിക് ഐഡുൻ’ എന്ന നെതർലൻഡ്‌സ്‌ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച് കഴിഞ്ഞവർഷം ആഗസ്‌ത്‌ ഒമ്പതിന്‌ ഇക്വിറ്റോറിയൽ ഗിനി സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയത്ത് കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ രംഗത്തുവരികയും കപ്പലിലെ നാവികരെയടക്കം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.ഉറ്റവര്‍ ഇന്നുച്ചക്ക് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നതോടെ ബന്ധുക്കളുടെ 10 മാസത്തെ കാത്തിരിപ്പിനാണ്‌ വിരാമമാകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News